ഉക്രെയ്നിൽ റഷ്യ അനുകൂല വിമതരുടെ ഷെല്ലാക്രമണം; രണ്ടു സൈനികർ കൊല്ലപ്പെട്ടു

    കീവ്: ഉക്രെയ്ൻ – റഷ്യ സംഘർഷത്തിന് അയവില്ല. കിഴക്കൻ ഉക്രെയ്നിൽ റഷ്യ അനുകൂല വിമതരുടെ നേതൃത്വത്തിലുള്ള ഷെല്ലാക്രമണത്തിൽ 2 സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സേന അറിയിച്ചു. 4 സൈനികർക്കു പരുക്കേറ്റു.

    വിമതർ 70 തവണ വെടിനിർത്തൽ ലംഘനം നടത്തിയതായും സേന ആരോപിച്ചു.വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാൻസ്ക്, ഡൊണെസ്ക് മേഖലകളിൽ പൂർണ സൈന്യസമാഹരണത്തിനു വിമത നേതാക്കൾ ആഹ്വാനം നൽകി. റിസർവ് സൈനികരോട് ഉടൻ സൈന്യത്തിനൊപ്പം ചേരാൻ ആവശ്യപ്പെട്ടു. പൂർവ യുക്രെയ്നിൽ നിന്ന് ആറായിരത്തോളം പേരെ ഒഴിപ്പിച്ചു റഷ്യൻ പ്രദേശങ്ങളിലേക്കു മാറ്റി. ഡൊണെസ്കിലെ 7 ലക്ഷത്തോളം പൗരന്മാരോടു സ്ഥലംവിടാൻ ഒരുങ്ങിയിരിക്കാൻ വിമത ഭരണകൂടം അഭ്യർഥിച്ചു.

    ഡൊണെസ്ക് നഗരത്തിൽ വെള്ളിയാഴ്ച ഉണ്ടായ കാർ ബോംബ് സ്ഫോടനം ഭീതി വർധിപ്പിച്ചിട്ടുണ്ട്.ബെലാറൂസ്, ക്രൈമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിൽ സൈനികനീക്കം നടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ അമേരിക്ക പുറത്തുവിട്ടു. റഷ്യ കൂടുതൽ യുദ്ധ സാമഗ്രികൾ യുക്രെയ്ൻ അതിർത്തിയിലേക്കു നീക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യയുടെ ആക്രമണം ഏതു നിമിഷവും ആരംഭിച്ചേക്കാമെന്നും അതിന് അവസരമൊരുക്കാനാണു കിഴക്കൻ യുക്രെയ്നിലെ വിമതനീക്കമെന്നും ബൈഡൻ പറഞ്ഞു.