കോട്ടയം നീലംപേരൂരിൽ പാമ്പിനെ പിടിക്കുന്നതിനിടെ അനുഭവപ്പെട്ട നടുവേദനയാണ് പാമ്പിൻ്റെ കടിയേൽക്കാൻ കാരണമായതെന്ന് വ്യക്തമാക്കി വാവ സുരേഷ്. കാറിടിച്ച് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് നടുവിന് പരിക്കേറ്റിരുന്നു. പാമ്പുപിടിക്കുന്നതിനിടെ വേദനയുണ്ടായതിനാൽ ശരീരം ചലിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായി.
ഇതാണ് മൂർഖന്റെ കടിയേൽക്കാൻ കാരണം ആയതെന്നാണ് വാവ സുരേഷ് പ്രതികരിച്ചത്.‘ഒരുപാട് തവണ കടിയേറ്റിട്ടുണ്ട്. ഇത് പക്ഷെ കൂടുതൽ വെല്ലുവിളിയായി. കൊറോണ വന്ന ശേഷം ശ്വാസകോശത്തിന് പ്രശ്നമുണ്ടായിരുന്നു. പോത്തൻകോട് കാറിടിച്ച് ഉണ്ടായ അപകടത്തിൽ നട്ടെല്ലിനും കഴുത്തിനും മൂക്കിന്റെ പാലത്തിനുമെല്ലാം പൊട്ടലുണ്ടായിരുന്നു. ഇതിനാലൊക്കെയാണ് പാമ്പിനെ പിടിച്ചപ്പോൾ ശരീരം അനായാസം ചലിപ്പിക്കാനാകാതിരുന്നത്.’ – വാവ സുരേഷ് പറഞ്ഞു.‘കോട്ടയം കുറിച്ചിയിൽ കുറച്ച് വീടുകൾ അടുത്തടുത്തായി കിടന്നിരുന്ന സ്ഥലത്തായിരുന്നു പാമ്പിനെ കണ്ടത്. കുറച്ച് ദിവസമായി അവർ അവിടെ നിന്ന് വിളിച്ചിരുന്നു. അപകടം നടന്നത് കൊണ്ടാണ് പോകാൻ താമസിച്ചത്. പോയപ്പോഴും നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നു.
ബെൽറ്റിട്ടിരുന്നു. കഴുത്തിലെ ബെൽറ്റ് അഴിച്ചുവെച്ചാണ് പാമ്പിനെ പിടിക്കാൻ പോയത്. പിടിച്ച ശേഷം പാമ്പിനെ ചാക്കിലാക്കുന്ന സമയത്ത് നടുവിന് വേദനയനുഭവപ്പെട്ടു. ഈ സമയത്താണ് ശ്രദ്ധ മാറിയത്.’ അതിനാലാണ് അപകടം സംഭവിച്ചതെന്നും വാവ സുരേഷ് വ്യക്തമാക്കി. വാർഡ് മെമ്പർ മഞ്ജിത്തും നിഖിലെന്ന് പേരുള്ള തന്റെ കൂട്ടുകാരനും വിളിച്ചിട്ടാണ് കുറിച്ചിയിലേക്ക് പോയത്. ദൂരയാത്രയായതിനാൽ തന്നെ അവിടെയെത്തിയപ്പോൾ ക്ഷീണവും അനുഭവപ്പെട്ടിരുന്നു.രക്ഷപ്പെടുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് വാവ സുരേഷ്. ഇത് പുനർജന്മമാണ്. വണ്ടിയോടിച്ച ഡ്രൈവർ നിജുവിനോട് മരണപ്പെടുമെന്ന് ഞാൻ പറഞ്ഞിരുന്നു.
നിജുവിന്റെയും അവിടുത്തെ നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിന് നന്ദിയുണ്ട്. ഭാരത് ആശുപത്രിയിൽ ചെല്ലുമ്പോൾ ശരീരത്തിൽ 20 ശതമാനം പോലും പ്രവർത്തനം ഉണ്ടായിരുന്നില്ല. ആശുപത്രിയിലെ ഡോക്ടർമാർ ഉടൻ ഇടപെട്ടു. അവർക്കും നന്ദിയുണ്ട് – വാവാ പറഞ്ഞു.