വാവ സുരേഷ് തിങ്കളാഴ്ച ആശുപത്രി വിട്ടേക്കും

കോട്ടയം: ആരോഗ്യനില മെച്ചപ്പെട്ട വാവ സുരേഷ് തിങ്കളാഴ്ച ആശുപത്രി വിട്ടേക്കും. നേരിയ പനി ഒഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞത്. മൂർഖൻ പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന വാവ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിനു സമീപത്തെ മുറിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും ഡോക്ടർ പറഞ്ഞു.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ചികിത്സയും പരിചരണവും ആണ് ലഭിച്ചത്.

ഇവിടത്തെ ഡോക്ടർമാരുടെ ശ്രമഫലമായിട്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് സുരേഷ് പറഞ്ഞു. ഇനി പാമ്പുകളെ പിടിക്കുന്നത് മുൻകരുതൽ എടുത്ത ശേഷം മാത്രമെന്നു വാവ സുരേഷ് പറഞ്ഞു. കരിമൂർഖനാണു കടിച്ചത്. പല തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ കൂടുതൽ വിഷം കയറിയതായി തോന്നിയിരുന്നു. കണ്ണിന്റെ കാഴ്ച മറയുന്നതും ഓർമയുണ്ട്. ജീവൻ തിരിച്ചുകിട്ടുമോ എന്ന് അപ്പോൾ ഭയം തോന്നിയിരുന്നുതായും ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് പറഞ്ഞു. പാമ്പിനെ വളത്തിന്റെ ചാക്കിനുള്ളിലാണ് കയറ്റാൻ നോക്കിയത്. അപ്പോഴാണ് കടിയേറ്റതെന്നും സുരേഷ് പറഞ്ഞു.

വാവ സുരേഷിന് നൽകിയത് 65 കുപ്പി ആന്റി സ്‌നേക് വെനം നൽകിയതായി ഡോക്ടർമാർ പറഞ്ഞു. പാമ്പു കടിയേറ്റ് എത്തുന്ന ആൾക്ക് കോട്ടയം മെഡിക്കൽ കോളജിൽ ആദ്യമായാണ് ഇത്രയും ആന്റിവെനം നൽകുന്നത്. മൂർഖന്റെ കടിയേറ്റാൽ പരമാവധി 25 കുപ്പിയാണു നൽകാറുള്ളത്.

പതിവനുസരിച്ച് നൽകിയിട്ടും സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി കാണാതിരുന്ന സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡ് ചേർന്ന് കൂടുതൽ ഡോസ് നൽകാൻ തീരുമാനിച്ചത്. ശരീരത്തിൽ പാമ്പിന്റെ വിഷം കൂടുതൽ പ്രവേശിച്ചതു മൂലമാണ് ഇത്രയധികം മരുന്നു നൽകേണ്ടി വന്നതെന്നു ഡോക്ടർമാർ പറഞ്ഞു. മന്ത്രി വിഎൻ വാസവനും ജോബ് മൈക്കിൾ എംഎൽഎയും ഇന്നലെ ആശുപത്രിയിലെത്തി സുരേഷുമായി സംസാരിച്ചു.