പാലക്കാട്: അസ്വസ്ഥതയൊന്നുമില്ലാതെ പോലീസ് ജീപ്പിൽ കയറിയ മധു എങ്ങനെ മരിച്ചുവെന്നു മനസിലാകുന്നില്ലെന്ന് കുടുംബം. അട്ടപ്പാടി മധു വധക്കേസിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം.
മധുവിനെ മുക്കാലിയിൽനിന്നു കൊണ്ടുപോയ പോലീസ് ജീപ്പിൽ എന്തു സംഭവിച്ചെന്ന് അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെട്ടു. മുക്കാലിയിൽനിന്ന് അഗളിയിലേക്ക് ഒന്നേകാൽ മണിക്കൂർ യാത്രയ്ക്കെടുത്തു. മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ ഗുഹയ്ക്കടുത്തു മരം മുറിക്കൽ നടന്നതായി സംശയമുണ്ട്. മരം മുറിക്കലിന്റെ ശബ്ദം കേട്ടിരുന്നതായും മധുവിന്റെ കുടുംബം ആരോപിക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിക്കു നൽകിയ അപേക്ഷയിലാണു കുടുംബത്തിന്റെ വെളിപ്പെടുത്തൽ.കേസിൽ പുനരന്വേഷണം വേണമെന്നു നടൻ മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷകനോടും കുടുംബം ആവശ്യപ്പെട്ടിരുന്നു.
സമൂഹമാധ്യമങ്ങളിലെ അപവാദപ്രചാരണത്തിനെതിരെ നടപടി വേണമെന്നും മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.കേസ് നടത്തിപ്പിനു നിയമോപദേശത്തിനായാണു മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. കേസിന്റെ തുടർനടത്തിപ്പ് സർക്കാർതന്നെയാകും. അതേസമയം, മധുകേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനുള്ളവരുടെ പട്ടിക കുടുംബം സർക്കാരിനു സമർപ്പിച്ചു. നാല് അഭിഭാഷകരുടെ പേരുകളാണു നല്കിയത്. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമാണു പേരുകൾ കൈമാറിയത്. അഭിഭാഷകരുടെ പേരുകൾ വെളിപ്പെടുത്താനാവില്ലെന്നു മധുവിന്റെ കുടുംബം പറഞ്ഞു.
രണ്ടാമത്തെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും ഒഴിഞ്ഞതിനെതുടർന്ന് പുതിയ പേരുകൾ നിർദേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. നാലു പേരിൽ ഒരാളെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും മറ്റൊരാളെ അഡീഷണൽ പ്രോസിക്യൂട്ടറും ആക്കണമെന്നാണ് കുടുംബത്തിന്റെ നിർദേശം.