പ്രധാനമന്ത്രി മോദിയുടെ യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു കോടി കവിഞ്ഞു

    ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു കോടി കവിഞ്ഞു. ഇതോടെ ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാരുള്ള ആഗോള നേതാക്കളിൽ ഒന്നാമനായി നരേന്ദ്ര മോദി മാറി. ഇന്നാണ് യൂട്യൂബ് വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞത്.

    36 ലക്ഷം വരിക്കാരുമായി ബ്രസീലിന്റെ പ്രസിഡൻറ് ജെയർ ബോൾസോനാരോയാണ് രണ്ടാംസ്ഥാനത്തുള്ളത്. യൂട്യൂബ് വരിക്കാരുടെ കാര്യത്തിൽ മൂന്നും നാലും സ്ഥാനക്കാർ മെക്‌സിക്കൻ, ഇന്തോനേഷ്യൻ പ്രസിഡൻറുമാരാണ്. മെക്‌സിക്കൻ പ്രസിഡൻറ് മാനുവൽ ലോപ്പസ് ഒബ്രാഡോറിന് 30.7 ലക്ഷവും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോക്ക് 28.8 ലക്ഷം വരിക്കാരുമാണ് ഉള്ളത്. വൈറ്റ് ഹൗസിന് 19 ലക്ഷം സബ്‌സ്‌ക്രിപ്‌ഷനുകളും യു.എസ് പ്രസിഡന്റ് ജോ ബൈഡന് 7.043 ലക്ഷം വരിക്കാരുമാണ് ഉള്ളത്.

    ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ 5.25 ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സുള്ള രാഹുൽ ഗാന്ധിയാണ് നരേന്ദ്ര മോദിക്ക് പിന്നിലുള്ളത്. ശശി തരൂർ (4.39 ലക്ഷം), അസദുദ്ദീൻ ഉവൈസി (3.73 ലക്ഷം), എം.കെ സ്റ്റാലിൻ (2.12 ലക്ഷം), മനീഷ് സിസോദിയ (1.37 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകൾ.നിലവിൽ നരേന്ദ്ര മോദിക്ക് ട്വിറ്ററിൽ 7.53 കോടിയും ഇൻസ്റ്റാഗ്രാമിൽ 6.5 കോടിയും ഫേസ്ബുക്കിൽ 4.6 കോടിയും ഫോളോവേഴ്‌സ് ആണുള്ളത്.