വാവാ സുരേഷ് മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ

കോട്ടയം: മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയിൽ. കോട്ടയം കുറിച്ചി നീലംപേരൂരിൽ പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെൻ്റിലേറ്ററിൽ കഴിയുന്ന സുരേഷിൻ്റെ സ്ഥിതി അത്യന്തം ഗുരുതരമെന്നാണ് റിപ്പോർട്ട്. വിദഗ്ധ ചികിൽസയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.ഇന്ന് വൈകുന്നേരം നാലിനായിരുന്നു സംഭവം. പിടിച്ച പാമ്പിനെ ചാക്കിലാക്കുന്നതിനിടെ അത് തിരിഞ്ഞ് ആഞ്ഞ് കടിക്കുകയായിരുന്നു.സംയമനം പാലിച്ച് സുരേഷ് തന്നെ പാമ്പിനെ ചാക്കിലാക്കി. ഇതിന് പിന്നാലെയാണ് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.രണ്ടാഴ്ച മുൻപ് വാവാ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു.

തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിൻ്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജ്ജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.