തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: രോഗിയുടെ ബന്ധുക്കളോട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് സന്തോഷിനെതിരെയും നടപടി സ്വീകരിക്കും. അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പി ജി ഡോക്ടര്‍ അനന്തകൃഷ്ണനെയാണ് സസ്‌പെന്റ് ചെയ്തത്. ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം പി ജി ഡോക്ടര്‍ ആയ അനന്തകൃഷ്ണനെതിരെ പ്രിന്‍സിപ്പാള്‍ നടപടി സ്വീകരിച്ചിരുന്നു.

മെഡിക്കല്‍ കോളജിന്റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.കൊറോണ നേരിടാന്‍ ഡോക്ടര്‍മാര്‍ അഹോരാത്രം കഷ്ടപ്പെട്ട് കൊണ്ടിരിക്കെ അനന്തകൃഷ്ണന്റെ പെരുമാറ്റം നെഗറ്റീവ് ഇമേജ് ആണ് ആശുപത്രിക്ക് ഉണ്ടാക്കിയതെന്ന് വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ അനന്തകൃഷ്ണന്‍ ജോലിക്ക് വരേണ്ടതില്ലെന്നാണ് പ്രിന്‍സിപ്പാള്‍ സാറ വര്‍ഗ്ഗീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സംഭവത്തില്‍ കര്‍ശന നടപടി എടുക്കണമെന്ന് ആരോഗ്യ മന്ത്രിയും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.