മണിപ്പൂരി കുർത്തയും ഉത്തരാഖണ്ഡിലെ ബ്രഹ്മകമൽ ആലേഖനം ചെയ്ത തൊപ്പിയും അണിഞ്ഞ് പ്രധാനമന്ത്രി മോദി

ന്യൂഡെൽഹി: മണിപ്പൂരി വേഷമായ കുർത്തയും ഉത്തരാഖണ്ഡിലെ ഓദ്യോഗിക പുഷ്പമായ ബ്രഹ്മകമൽ ആലേഖനം ചെയ്ത തൊപ്പിയും അണിഞ്ഞ് റിപ്പബ്ലിക് ദിനത്തിൽ വേഷവിധാനത്തിൽ വ്യത്യസ്ത പുലർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ രണ്ട് സംസ്ഥാനങ്ങളുടെ പാരമ്പര്യം എടുത്തുകാട്ടുന്ന വേഷത്തിലാണ് പ്രധാനമന്ത്രി പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുത്തത്.

കേദാർനാഥിൽ പൂജയ്‌ക്കെത്തുമ്പോൾ പ്രധാനമന്ത്രി ഉപയോഗിക്കുന്ന പുഷ്പമാണ് ബ്രഹ്മകമൽ. ‘മണിപ്പൂർ ജനതയ്‌ക്ക് ഏറെ അഭിമാനകരമായ നിമിഷമാണിത്. പ്രധാനമന്ത്രി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിന് അണിയാൻ തിരഞ്ഞെടുത്തത് മണിപ്പൂരിലെ തനത് വേഷവിധാനമാണ്. ‘ലീറം ഫീ എന്ന മണിപ്പൂർ വസ്ത്രമാണ് പ്രധാനമന്ത്രി അണിഞ്ഞത്. സംസ്ഥാനത്തിന്റെ സംസ്‌കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദി’ മണിപ്പൂർ മന്ത്രി ബിസ്വജിത് സിംഗ് ട്വിറ്ററിൽ കുറിച്ചു.

കൂടാതെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള തന്ത്രമാണ് പ്രധാനമന്ത്രിയുടെ വേഷമെന്ന് വിമർശകർ പറയുന്നു.