ഓൺലൈൻ റമ്മി നിരോധിക്കാൻ ചീഫ് സെക്രട്ടറി ഇടപെടണം : മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ : ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകൾ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതിനാൽ സംസ്ഥാനത്ത് അത് നിരോധിക്കുന്നതിന് ചീഫ് സെക്രട്ടറി ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. യുവാക്കളെയും കുട്ടികളെയും വഴിതെറ്റിക്കുകയും അവരുടെ ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യുന്നു ഓൺലൈൻ റമ്മി. ഇത്തരം സാമൂഹിക വിപത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. ഓൺലൈൻ റമ്മികളിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ പരിഹാരം കാണുന്നത് കേസുകളുടെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. ഓൺലൈൻ റമ്മി പോലുള്ളവക്കെതിരെ നിയമ നിർമ്മാണം നടത്തേണ്ടത് സർക്കാർ തലത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.