റെയിൽവേയിൽ ലോക്കോ പൈലറ്റ് ക്ഷാമം; യാത്രാവണ്ടികൾ ഓടിക്കാൻ ഗുഡ്സ് ലോക്കോ പൈലറ്റുമാരെ നിയോഗിക്കുന്നു

    ചെന്നൈ: ലോക്കോ പൈലറ്റുമാരുടെ ക്ഷാമം കാരണം ദക്ഷിണ റെയിൽവേയിൽ യാത്രാവണ്ടികൾ ഓടിക്കാൻ ചരക്ക് തീവണ്ടി ഓടിക്കുന്നവരെ നിയോഗിക്കുന്നു. ലോക്കോ പൈലറ്റുമാരുടെ കുറവുകാരണം ഇപ്പോൾ പാസഞ്ചർ തീവണ്ടികൾ കൂടാതെ ചെന്നൈയിൽനിന്നുള്ള ദീർഘദൂര തീവണ്ടികളും റദ്ദാക്കുന്ന സാഹചര്യമാണ്.റെയിൽവേ സർവീസ് ചട്ടം അനുസരിച്ച് 100 ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കിൽ 130 പേരെ നിയമിക്കണം. ലോക്കോ പൈലറ്റുമാർ അവധിയിൽ പ്രവേശിക്കുമ്പോഴും മൂന്ന് വർഷം കൂടുമ്പോൾ 15 ദിവസം ട്രെയിനിങ്ങിനായി പോകുമ്പോഴും സർവീസ്‌ മുടങ്ങാതിരിക്കാനാണ് കൂടുതൽപേരെ നിയമിക്കുന്നത്.

    ഇപ്പോൾ 100 ലോക്കോ പൈലറ്റുമാർ ആവശ്യമായ സ്ഥാനത്ത് 85 പേരെയുള്ളൂ. ഏതാനും പേർക്ക് ഒരുമിച്ച് അസുഖം വരുമ്പോൾ കൂടുതൽ ലാഭകരമല്ലാത്ത യാത്രാവണ്ടികൾ റദ്ദാക്കേണ്ടിവരുന്നു. ലോക്കോ പൈലറ്റുമാർക്ക് കോവിഡ് ബാധിച്ചതിനാൽ പാസഞ്ചർ തീവണ്ടികൾ റദ്ദാക്കുന്നെന്നാണ് റെയിൽവേയുടെ വിശദീകരണം. പാലക്കാട്, തിരുവനന്തപുരം, ചെന്നൈ, മധുര, സേലം ഡിവിഷനുകളിൽ പല പാസഞ്ചർ തീവണ്ടികളും ഈ മാസം 30-വരെ നിർത്തിവെച്ചിരിക്കുകയാണ്. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്താത്തതിനാലാണ് വണ്ടികൾ റദ്ദാക്കേണ്ടിവരുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം.

    മതിയായ പരിശീലനം നൽകിയ ശേഷമേ ഗുഡ്സ് ലോക്കോ പൈലറ്റുമാരെ പാസഞ്ചർ തീവണ്ടികൾ ഓടിക്കാൻ നിയോഗിക്കാവൂവെന്നാണ് ചട്ടം. ലോക്കോ പൈലറ്റുമാരെ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരായാണ് നിയമിക്കുക. തുടർന്ന് ഷണ്ടിങ് ലോക്കോ പൈലറ്റ്, ഗുഡ്സ് ലോക്കോ പൈലറ്റ്, പാസഞ്ചർ ലോക്കോ പൈലറ്റ്, എക്സ്പ്രസ് ലോക്കോ പൈലറ്റ് എന്നിങ്ങനെയാണ് സ്ഥാനക്കയറ്റം. ഒരോ സ്ഥാനക്കയറ്റം നൽകുമ്പോഴും ട്രാക്ക് മെയിന്റൻസ്, സിഗ്നലിങ്, സാങ്കേതികമായ മറ്റ് കാര്യങ്ങൾ എന്നിവയിൽ പരിശീലനം നൽകും. മൂന്നുവർഷം കൂടുമ്പോൾ 15 ദിവസം വെറേയും പരിശീലനമുണ്ടാകും.