എസ്എൻഡിപി തെരഞ്ഞെടുപ്പ്; പ്രാതിനിധ്യ വോട്ടവകാശരീതി ഹൈക്കോടതി റദ്ദാക്കി; സ്ഥിരം അംഗങ്ങൾക്ക് വോട്ടവകാശം

കൊച്ചി: എസ്എൻഡിപി യോഗത്തിൽ നിലനിൽക്കുന്ന പ്രാതിനിധ്യ വോട്ടവകാശരീതിയിലുള്ള തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഹൈക്കോടതി പുറപ്പെടുവിച്ച വിധി ദൂരവ്യാപക ഫലം ഉളവാക്കുന്നതാണ്. ഇതോടെ എസ്എൻഡിപി സ്ഥിരം അംഗങ്ങളായ മുഴുവൻ പേർക്കും വോട്ടവകാശം ലഭിക്കും. 1999ലെ ബൈലോ ഭേദഗതിയും കോടതി റദ്ദാക്കി.കാൽ നൂറ്റാണ്ടായി എസ്എൻഡിപി നേത്യത്വത്തിൽ തുടരുന്ന വെള്ളാപ്പള്ളി നടേശനെതിരേ എതിർചേരിയിലുള്ളവർ നടത്തിയ നിയമപോരാട്ടമാണ് വിജയം കണ്ടത്. നിലവിലുള്ള എസ്എൻഡിപിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ അടിമുടി മാറ്റുന്നതാണ് വിധി.

പ്രാതിനിധ്യ പ്രകാരമുള്ള വോട്ടാണ് ഇത്രയും നാൾ നടന്നിരുന്നത്. 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന നിലയിലായിരുന്നു വോട്ടവകാശം. കമ്പനി നിയമത്തിൽ 1974ൽ കേന്ദ്രസർക്കാരിന്‍റെ പ്രത്യേക ഇളവ് നേടിയാണ് പ്രാതിനിധ്യ വോട്ടവകാശ രീതി എൻഎൻഡിപി തുടർന്നു വന്നിരുന്നത്. കോടതി വിധിയോടെ ഈ ഇളവും റദ്ദാക്കപ്പെട്ടു. വിധി പഠിച്ചശേഷം പ്രതികരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. കഴിഞ്ഞ 25 വർഷമായി താൻ എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് പ്രാതിനിധ്യ വോട്ടവകാശ സംവിധാനത്തിലൂടെയാണ്.

അതിനു മാറ്റം വരുത്തിയ ഹൈക്കോടതി വിധി പരിശോധിച്ചശേഷമേ പ്രതികരിക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, എതിർ ചേരിയിലുള്ള അഡ്വ.സി.കെ. വിദ്യാസാഗർ, ചന്ദ്രസേനൻ, ബിജു രമേശ് തുടങ്ങിയവർ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു. വിധി സ്വാഗതാർഹമാണ്. എന്നാൽ തെരഞ്ഞെടുപ്പു പ്രക്രിയ അതി സങ്കീർണമായി മാറുന്ന സ്ഥിതിയുണ്ടാകാമെന്ന് വിദ്യാസാഗർ പറഞ്ഞു.വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ കൈയടിക്കിവച്ചു നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധഭരണമാണ് ഇങ്ങനെയൊരു വിധിയിലേക്കു പോകാനുള്ള സാഹചര്യമുണ്ടാക്കിയതെന്നു വിദ്യാസാഗർ ആരോപിച്ചു.

വിധിക്കെതിരേ വെള്ളാപ്പള്ളി വിഭാഗം അപ്പീൽ പോകാനാണ് സാധ്യത. എസ്എൻഡിപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരും എന്നു തന്നെയാണ് ഇതു നൽകുന്ന സൂചന.അടുത്ത മാസം എസ്എൻഡിപി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വിധി. ലക്ഷക്കണക്കിനു പേർക്കു വോട്ടവകാശം കിട്ടുന്നതോടെ പൊതു തെരഞ്ഞെടുപ്പിനു സമാനമായ ഒരുക്കങ്ങൾ എസ്എൻഡിപി തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കായി ഒരുക്കേണ്ടി വരുമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. തെരഞ്ഞെടുപ്പു പട്ടികയും മറ്റു ക്രമീകരണങ്ങളും ഒരുക്കുന്നതു വൻ ചെലവുള്ളതും സങ്കീർണവും ദുഷ്കരവുമായ കാര്യമാകും.

ഇനി എസ്എൻഡിപിയിലെ ഭരണകാലാവധി അഞ്ചു വർഷത്തിനു പകരം മൂന്നു വർഷമായി മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.