പത്തനംതിട്ട: ശബരിമലയിലേക്ക് തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന പരമ്പരാഗത പാതയിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. വടശേരിക്കര പേങ്ങോട്ട് കടവ് പാലത്തിന്റെ തൂണിന് അടിയിൽ നിന്നാണ് പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ ഏഴു ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ ഇവിടെ കുളിക്കാനിറങ്ങിയ നാട്ടുകാരാണ് ഇത് കണ്ടെടുത്തത്.
പമ്പാനദിയിൽ വടശേരിക്കര ചന്തയോടു ചേർന്നാണ് പേങ്ങാട്ടുകടവ് പാലം. പാറ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന തരം ജലാറ്റിൻ സ്റ്റിക്കുകൾ പഴക്കം ചെന്നതാണെന്ന് പറയുന്നു. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലാണ് ഇവ കണ്ടെത്തിയത്. അട്ടിമറിയല്ലെന്നാണ് പ്രാഥമിക നിഗമനം. ഡോഗ്-ബോംബ് സ്ക്വാഡുകൾ സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, റാന്നി ഡിവൈ.എസ്പി മാത്യു ജോർജ്, ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്പി ആർ. സുധാകര പിള്ള, റാന്നി പൊലീസ് ഇൻസ്പെക്ടർ എം.ആർ സുരേഷ്, എസ്ഐ.സേനൻ, ഐ.ബി, എസ്.എസ്.ബി, എസ്.ബി തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
ശബരിമലയിൽ നടയടച്ചതിന് ശേഷം 21 ന് ഈ വഴിയാണ് തിരുവാഭരണ ഘോഷയാത്ര തിരികെ പന്തളത്തേക്ക് പോകുന്നത്. ഈ സാഹചര്യത്തിൽ ഈ സംഭവം ഗൗരവത്തോടെ കാണണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ രംഗത്തു വന്നു. തിരുവാഭരണ പാതയായ പേങ്ങാട്ടുകടവ് പാലത്തിന്റെ അടിയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവം ആശങ്കാ ജനകമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് പറഞ്ഞു.
ശബരിമലയിൽ അയ്യപ്പന് ചാർത്തിയ തിരുവാഭരണം തിരിച്ചുകൊണ്ടു വരാൻ മണിക്കൂറുകൾ ബാക്കി നിൽകെ തിരുവാഭരണ പാതയിൽ നിന്നും കണ്ടെടുത്ത സ്ഫോടക വസ്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ആവിശപ്പെട്ടു. കോന്നിയിലും പത്തനാപുരത്തും പിടിച്ചെടുത്ത ആയുധശേഖരവുമായി ഇതിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കണം.
ഏതാനും നാളുകളായി ഈ പ്രദേശത്ത് അപരിചിതരെ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞത് ഗൗരവതരമാണ്. ഉപയോഗിച്ച ജലാസ്റ്റിൻ സ്റ്റിക്കിൻ്റെ ബാക്കി ഭാഗം എവിടെ ഉപയോഗിക്കപ്പെട്ടെന്ന് അറിയണം. തിരുവാഭരണ യാത്രയ്ക്ക് കർശനമായ സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.