കൊച്ചി: സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും നിലവിൽ വന്ന ഏകീകൃത കുർബാന ക്രമം എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പാക്കാൻ മെത്രാപ്പൊലീത്തൻ വികാരി മാർ ആൻ്റണി കരിയിൽ സർക്കുലർ പുറപ്പെടുവിക്കണമെന്ന് സീറോ മലബാർ സഭാ സിനഡ് നിർദ്ദേശിച്ചു. സിനഡ് അംഗീകരിച്ചിട്ടുള്ള വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ സർക്കുലർ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ജനുവരി 23 ന് പുറപ്പെടുവിക്കാനാണ് സിനഡിൻ്റെ നിർദ്ദേശം.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ചേർന്ന സീറോമലബാർ സഭയുടെ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെയും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെയും നിർദ്ദേശാനുസരണം ഏകീകൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം സഭയിലൊന്നാകെ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. 2021 നവംബർ 28 മംഗളവാർത്താക്കാലത്തിലെ ആദ്യ ഞായറാഴ്ച മുതൽ നടപ്പിലാക്കാൻ എടുത്ത ഈ തീരുമാനം സഭയിലെ 35 രൂപതകളിൽ 34 എണ്ണത്തിലും ഇതിനോടകം പൊതുവേ നടപ്പിലായി. ഇത് ഏറെ സന്തോഷകരമാണ്.
വർഷങ്ങളായി ശീലിച്ചുപോന്ന വിശുദ്ധ കുർബാനയർപ്പണരീതിയിൽ മാറ്റം വരുത്താൻ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ പലതുമുണ്ടായിട്ടും സഭയുടെ പൊതുനന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ആത്മാർത്ഥമായി സഹകരിച്ച എല്ലാ വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും സിനഡ് ഏറെ നന്ദിയോടെ അനുസ്മരിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിൽ വർഷങ്ങളായി തുടർന്നുപോരുന്ന ജനാഭിമുഖ കുർബാനയർപ്പണ രീതിയിൽ മാറ്റം വരുത്താനുള്ള വൈമുഖ്യം സഭയുടെ അച്ചടക്കത്തിനു നിരക്കാത്ത രീതികളിലൂടെ പലവേദികളിലും അതിരൂപതയുടെ ചില പ്രതിനിധികൾ പ്രകടമാക്കുന്നതിൽ സിനഡ് ബിഷപ്പുമാർക്ക് ദുഃഖമുണ്ട്. സഭയുടെ കൂട്ടായ്മയെയും പൊതുനന്മയെയും കരുതി അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ച മറ്റു രൂപതകളുടെ മാതൃകയാണ് അനുകരണാർഹമായിട്ടുള്ളത്. ഏകീകൃത രീതിയിലുള്ള ബലിയർപ്പണം എന്ന സിനഡു തീരുമാനത്തിൽ നിന്ന് കാനൻ 1538 പ്രകാരമുള്ള ഒഴിവ് ആവശ്യപ്പെട്ടുകൊണ്ട് ശ്ലൈഹിക സിംഹാസനത്തെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മേജർ ആർച്ചുബിഷപ്പിന്റെ മെത്രാപ്പോലീത്തൻ വികാരിയുടെ നേതൃത്വത്തിലുള്ള സംഘം സമീപിച്ചിരുന്നു. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നിന്നും ലഭിച്ച കത്തിന്റെ വെളിച്ചത്തിൽ, അതിരൂപതയ്ക്കു മുഴുവനുമായി മെത്രാപ്പോലീത്തൻ വികാരി കാനൻ 1538 പ്രകാരം 2021 നവംബർ 27-ന് നല്കിയ ഒഴിവ് കാനോനികമായി നിലനിൽക്കുകയില്ലെന്നും അതിനാൽ പ്രസ്തുത നടപടി തിരുത്തണമെന്നും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദിനാൾ ലെയനാർദോ സാന്ദ്രി 2021 ഡിസംബർ 7-നും 2022 ജനുവരി 7-നും നൽകിയ കത്തുകളിലൂടെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്ലൈഹിക സിംഹാസനത്തിന്റെ നിർദ്ദേശപ്രകാരം സിനഡ് അംഗീകരിച്ചിട്ടുള്ള വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ സർക്കുലർ ജനുവരി 23 ന് പുറപ്പെടുവിക്കണമെന്നാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരിക്ക് സിനഡ് നൽകിയിരിക്കുന്ന നിർദ്ദേശം. ശ്ലൈഹിക സിംഹാസനത്തിന്റെ തീരുമാനങ്ങൾ അനുസരണയോടെ സ്വീകരിച്ച് നടപ്പിലാക്കുന്നത് കത്തോലിക്കാപാരമ്പര്യത്തിന്റെ അനിവാര്യതയാണ്.
പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമമനുസരിച്ച് ആരാധനാക്രമപരമായ വിഷയങ്ങളിൽ സഭാ സിനഡിന്റെ തീരുമാനത്തിനു വിരുദ്ധമായ തീരുമാനമെടുക്കാൻ വ്യക്തികൾക്കോ രൂപതകൾക്കോ അവകാശമില്ലെന്ന് സിനഡ് ഓർമ്മിപ്പിച്ചു. അനാവശ്യമായ നിർബന്ധ ബുദ്ധികൾ ഉപേക്ഷിച്ച് ശ്ലൈഹിക സിംഹാസനവും സഭാ സിനഡും നിർദ്ദേശിച്ചപ്രകാരം ഏകീകൃത ബലിയർപ്പണരീതി നടപ്പിലാക്കാൻ എല്ലാ വൈദികരോടും സന്യസ്തരോടും ദൈവജനത്തോടും സിനഡ് അഭ്യർഥിച്ചു. സഭയുടെ നന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ഇപ്രകാരമുള്ള അനുരഞ്ജനത്തിന് എല്ലാവരും തയ്യാറാകുമെന്ന് സിനഡ് പ്രത്യാശിക്കുന്നു. വിശ്വാസത്തിന്റെ ഉറവിടമായ വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലെ അഭിപ്രായാന്തരം തെരുവുകലാപമാക്കി മാറ്റാൻ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ കെണിയിൽ വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സീറോമലബാർസഭയിലെ മെത്രാൻമാർ എവിടെ വിശുദ്ധ കുർബാന അർപ്പിച്ചാലും അത് സിനഡ് നിർദ്ദേശിച്ച ക്രമത്തിലായിരിക്കണമെന്നുള്ള തീരുമാനം കൃത്യമായി നടപ്പിലാക്കണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങൾ ബന്ധപ്പെട്ട വികാരിയച്ചന്മാർ ദൈവാലയങ്ങളിൽ ഒരുക്കണമെന്നും സിനഡ് നിർദ്ദേശിച്ചു.
സഭയെന്നത് മാനുഷികമായ സംവിധാനം മാത്രമല്ല. മിശിഹായുടെ മൗതികശരീരമാണെന്ന് ഓർമിക്കണം. സഭാ സിനഡിന്റെ തീരുമാനങ്ങളിലൂടെ പരിശുദ്ധാത്മാവിന്റെ ഹിതം വെളിപ്പെടുന്നു എന്നതാണു വിശ്വാസം. സഭയുടെ ഐക്യത്തെ ലക്ഷ്യമാക്കി സിനഡ് എടുത്ത തീരുമാനം ബഹുഭൂരിഭാഗം രൂപതകളിലും സ്വീകരിക്കപ്പെട്ടൂ എന്നത് പ്രസ്തുത തീരുമാനത്തിനു പിന്നിലെ ദൈവഹിതമാണു വെളിപ്പെടുത്തുന്നത്. ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലായാൽ ജപമാലയുൾപ്പെടെയുള്ള ഭക്താഭ്യാസങ്ങൾ നിർത്തലാക്കുമെന്നും തിരുസ്വരൂപങ്ങളും നൊവേനകളും തിരുനാളാഘോഷങ്ങളും നിരോധിക്കുമെന്നുമുള്ള അടിസ്ഥാനരഹിതമായ വ്യാജപ്രചാരണങ്ങൾ ആരെയും വഴിതെറ്റിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സിനഡ് ഓർമ്മിപ്പിച്ചു.