നടിയെ ആക്രമിച്ച കേസ്; പുതിയ അഞ്ചു സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നു സാക്ഷികളെ പുനർ വിസ്തരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതിയില്ല. അതേസമയം പുതിയ അഞ്ചു സാക്ഷികളെ വിസ്തരിക്കാൻ അനുമതി നൽകി. ഹൈക്കോടതിയിൽ നിന്നുള്ള വിധിപ്പകർപ്പ് പുറത്തിറങ്ങിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

രാവിലെ മൂന്നു സാക്ഷികളെ പുനർ വിസ്തരിക്കുന്നതിന് അനുമതി നൽകുന്നതായാണ് വിചാരണ വേളയിൽ വ്യക്തമായത്. കേസിൽ പത്തു ദിവസത്തിനകം സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പുനർ വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പൂർണമായും അംഗീകരിക്കാത്തതിന് എതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. ഇവരിൽ ഏഴുപേർ നേരത്തേ സാക്ഷി പറഞ്ഞവരാണ്. ഇവരിൽനിന്നു കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒൻപത് പേരിൽനിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

നേരത്തേ കീഴ്ക്കോടതി മൂന്നുപേരുടെ പുനർവിസ്താരത്തിന് അനുമതി നൽകിയിരുന്നു. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താനും കോടതി അനുമതി നൽകിയെങ്കിലും ഇതു പോരെന്നു കാണിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.