സിപിഎമ്മിൻ്റെ തിരുവാതിരകൾ; തിരുവനന്തപുരത്തെ മെഗാ തിരുവാതിരയ്ക്ക് ക്ഷമാപണം; തൃശൂരിലെ തിരുവാതിരയ്ക്ക് ന്യായീകരണവും

തിരുവനന്തപുരം: മെഗാ തിരുവാതിര വിവാദത്തിൽ സിപിഎം ക്ഷമാപണം നടത്തി. സ്വാഗതസംഘം കൺവീനർ അജയകുമാറാണ് തിരുവാതിര വിവാദത്തിൽ ക്ഷമാപണം നടത്തിയത്. തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാനിക്കും മുമ്പായിരുന്നു ക്ഷമാപണം.

അതേസമയം, തൃശൂരിലെ തിരുവാതിരയെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് എം എം വര്‍ഗ്ഗീസ് പ്രതികരിച്ചത്. കൊറോണ മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെക്കുംകരയില്‍ ന്യൂട്രോണ്‍ ബോംബുണ്ടാകിയതുപോലെയാണ് പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

കൊറോണ കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീറിന്‍റെ പരാതിയില്‍ നടത്തിയ മെ​ഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.