തിരുവനന്തപുരം: വിഴിഞ്ഞത്ത് ആസൂത്രിതമായി വയോധികയെ കൊലപ്പെടുത്തി സ്വര്‍ണവുമായി കടന്ന വീട്ടമ്മ അയല്‍വാസിയായ പതിനാറുകാരിയുടെ കൊലപാതകത്തിലും പങ്കാളിയെന്നു സൂചന. വയോധികയെ കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മയും മകനും കൂട്ടുകാരനും കഴിഞ്ഞ ദിവസമാണ് കമ്മിഷണര്‍ സ്‌പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിനിടയിലാണ് ഒന്നരവര്‍ഷം മുമ്പുനടന്ന മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വയോധികയെ
കൊലപ്പെടുത്തിയ കേസില്‍ വിഴിഞ്ഞം ടൗണ്‍ ഷിപ്പ് സ്വദേശിനി റഫീഖ ബീവി (48), മകന്‍ ഷഫീഖ് (25) റഫീഖയുടെ സുഹൃത്ത് പാലക്കാട് പട്ടാമ്പി സ്വദേശി അല്‍അമീന്‍ (26) എന്നിവരാണ് അറസ്‌റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു വിഴിഞ്ഞം മുല്ലൂര്‍ കലുങ്ക്‌നട സ്വദേശിനി ശാന്തകുമാരി (75)യെ അയല്‍വാസിയുടെ വീട്ടിലെ മച്ചിന് മുകളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു റഫീഖയും മകനും.
വാടക വീടിന്റെ ഉടമസ്‌ഥന്റെ മകന്‍ കഴിഞ്ഞ ദിവസം പി.എസ്.സി. പഠിക്കാന്‍ എത്തിയപ്പോള്‍ വീടിന്റെ വാതിലില്‍ താക്കോല്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ഉള്ളില്‍ കയറി നോക്കവെയാണ് തട്ടില്‍ നിന്ന് രക്‌തം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
സമീപവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോള്‍ തട്ടിനുമുകളില്‍ മൃതദേഹം കണ്ടെത്തി. വീട്ടില്‍ താമസിച്ചിരുന്നവരെ കണാതായതോടെ പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇതിനിടയില്‍ മരിച്ചത് റഫീക്കയാണെന്ന് കരുതി അവരുടെ ബന്ധുക്കളും എത്തിയിരുന്നു. തുടര്‍ന്ന് വാടക വീട്ടില്‍ ഉണ്ടായിരുന്നവരുടെ മൊബൈല്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറി. തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ബസില്‍ രക്ഷപെടുകയായിരുന്ന പ്രതികള്‍ പിടിയിലായത്.
പിടിയിലായ അല്‍അമീന്‍ പൊലീസിനോട് ശാന്തകുമാരിയുടെ കൊലപാതകം താന്‍ തനിച്ചാണ് ചെയ്‌തത് എന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് അത് മുഖവിലയ്‌ക്ക് എടുത്തിട്ടില്ല. കോവളം തീരത്ത് ജോലിക്കെത്തിയ അല്‍അമീന്‍ ഷഫീഖുമായി സൗഹൃദത്തില്‍ ആകുകയും തുടര്‍ന്ന് റഫീഖയെ പരിചയപ്പെടുകയും ഇവര്‍ക്ക് ഒപ്പം മുല്ലൂരില്‍ വാടകയ്‌ക്ക് താമസിച്ച് വരികയായിരുന്നു.
ഒരാഴ്‌ച മുന്‍പ് റഫീഖയും അല്‍അമീനും തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് വീടിന്റെ വാതിലും മറ്റും കേടുപാടുകള്‍ വരുത്തിയിരുന്നു. ഇതോടെ വീട്ടുടമ ഇവരോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു. വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിന്റെ കാശ് കൊടുക്കാന്‍ വീട്ടില്‍ എത്തിയ ശാന്തകുമാരിയെ പ്രതികള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി തലയ്‌ക്ക് ചുറ്റികയ്‌ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം.
സംഭവ ശേഷം ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവ പ്രതികള്‍ കൈക്കലാക്കിയ പ്രതികള്‍ മൃതദേഹം വീടിന്റെ മച്ചിനു മുകളില്‍ ഒളിപ്പിച്ചു. വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍ തനിച്ചായിരുന്നു ശാന്തകുമാരി താമസിച്ചിരുന്നത്. ഈ കേസില്‍ ചോദ്യം ചെയ്യവേയാണ് റഫീഖയുടെ മകനുമായി അടുപ്പമുണ്ടായിരുന്ന പതിനാറുകാരിയുടെ കൊലപാതകത്തെക്കുറിച്ച് സൂചന ലഭിച്ചത്. മന്ത് രോഗിയായ പെണ്‍കുട്ടിയുടെ മരണം രോഗം മൂലമെന്നായിരുന്നു അന്ന് കരുതിയിരുന്നത്. എന്നാല്‍ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞിരുന്നു.തുടര്‍ന്നു പെണ്‍കുട്ടിയുടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും അന്വേഷണം ഏറെക്കുറെ നിലച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് ഇവര്‍ വലയിലായത്.
പെണ്‍കുട്ടിയുടെ മുടിയില്‍ ചുറ്റി പിടിച്ച് തല ചുവരില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് തെളിവെടുപ്പിന് ഇവരെ എത്തിക്കുമെന്നാണ് സൂചന.