കൊറോണ വ്യാപനം; കോണ്‍ഗ്രസ് പൊതുപരിപാടികൾ മാറ്റിവച്ചതായി കെ സുധാകരന്‍

തിരുവനന്തപുരം: കൊറോണ വ്യാപന തുടർന്ന് ഈ മാസം 16 മുതല്‍ 31 വരെയുള്ള കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. മറ്റു പരിപാടികള്‍ കൊറോണ വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനു 17ന് അഞ്ച് സര്‍വകലാശാലകളിലേക്ക് നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്.

നേരത്തെ തിരുവനന്തപുരം ജില്ലാ ഭരണകൂടം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങൾ ഉണ്ടങ്കിൽ സംഘാടകർ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ അറിയിച്ചു.

കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി. കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല.

വ്യാപാരസ്ഥാപനങ്ങളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കൊറോണ രോഗബാധിതരുടെ എണ്ണം കുതിച്ചുകയറുന്നതിനാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഭാഗികമായി അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ മതിയെന്ന് തീരുമാനം. ഈ മാസം 21 മുതലാണ് സ്കൂളുകൾ അടച്ചിട്ട് ഓൺലൈൻ ക്ലാസുകൾ നടത്തുക.നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് പാറശ്ശാലയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം ഒഴിവാക്കുമോ ആളുകളെ കുറക്കുമോ എന്നതിൽ വ്യക്തതയായിട്ടില്ല.