ജീവിക്കാൻ പണമില്ല; ഫുട്ബോൾ ഇതിഹാസം മറഡോണ ഒപ്പിട്ട ടീ ഷർട്ട്‌ ലേലം ചെയ്യാൻ ഫോർട്ട്‌കൊച്ചി സ്വദേശി

കൊച്ചി: ജീവിക്കാൻ പണം കണ്ടെത്താൻ ഫുട്ബോൾ ഇതിഹാസം മറഡോണ ഒപ്പിട്ട ടീ ഷർട്ട്‌ ലേലം ചെയ്യാൻ ഒരുങ്ങി ഫോർട്ട്‌കൊച്ചി സ്വദേശി പി.എം. നൗഷാദ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലേലം ചെയ്യാൻ തീരുമാനിച്ചതെന്ന് നൗഷാദ് (52) പറഞ്ഞു.

2012-ൽ ദുബായ് അൽ-വാസൽ ക്ലബ്ബിൽ കോച്ച് ആയിരുന്ന കാലത്ത് മൂന്നു വർഷത്തോളം മറഡോണയുടെ ഹെയർ സ്റ്റൈലിസ്റ്റായി ജോലി ചെയ്തിരുന്നു നൗഷാദ്. തന്റെ മകന് പിറന്നാൾ സമ്മാനമായി നൽകാനാണ് ടീഷർട്ട്‌ ഒപ്പിട്ട് വാങ്ങിയതെന്ന് നൗഷാദ് പറഞ്ഞു.

മറഡോണയുടെ കടുത്ത ആരാധകനാണ് നൗഷാദ്. ജീവിക്കാൻ വേറെ മാർഗമില്ലാത്തതിനാലാണ് ഇപ്പോൾ ടീഷർട്ട് വിൽക്കുന്നത്. പലപ്പോഴും ദേഷ്യക്കാരനായി ചിത്രീകരിക്കപ്പെട്ടിരുന്ന മറഡോണ വ്യക്തിപരമായി അങ്ങനെ അല്ല. കൂടെ നിൽക്കുന്നവരെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മറഡോണയുമായുള്ള ഓർമകൾ വിലമതിക്കുന്നതാണെനും കൂട്ടിച്ചേർത്തു.

ദുബായിയിൽനിന്ന് തിരികെ വന്നതിനു ശേഷം ബിസിനസ്‌ ചെയ്തെങ്കിലും വിജയിച്ചില്ല. പ്രായത്തിന്റെ പേരിൽ ബാർബർ ജോലി അവസരങ്ങൾ നിഷേധിക്കപ്പെട്ടു. വരുമാന മാർഗം ഇല്ലാതായി. കോടീശ്വരനാവാനല്ല മറിച്ച് ജീവിക്കാനും കൂടെയുള്ളവർക്കും വേണ്ടിയാണ് ഈ ലേലമെന്നും അദ്ദേഹം പറഞ്ഞു.