കാലിക്കട്ട് സർവ്വകലാശാലയിൽ അസിസ്റ്റൻ്റുമാരെ പ്രാദേശികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്

കൊച്ചി: കാലിക്കട്ട് സർവ്വകലാശാലയിൽ പരീക്ഷ രഹസ്യജോലികൾക്കായി അസിസ്റ്റന്റുമാരെ പ്രാദേശികാ ടിസ്ഥാനത്തിൽ
താൽക്കാലികമായി നിയമിക്കാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തിന് പി എസ് സി തയ്യാറാക്കിയിട്ടുള്ള റാങ്ക് പട്ടികയിലുള്ളവരിൽ നിന്ന് താൽക്കാലിക നിയമനം നടത്താൻ
നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പി എസ് സി റാങ്ക് പട്ടികയിലുള്ള ബിടെക് ബിരുദധാരിയായ മുന്നിയൂർ സ്വദേശി മുഹമ്മദ് നൗഫൽ നൽകിയ ഹർജ്ജിയിലാണ് മേൽ നടപടികൾ തടഞ്ഞുകൊണ്ട് ജസ്റ്റിസ് രാജാ വിജയ രാഘവൻ ഉത്തരവായത്.

പരീക്ഷകളുടെ ഉത്തരക്കടലാസ് ഫാൾസ് നമ്പറിങ്,ചോദ്യക്കടലാസ് പാക്കിംഗ് തുടങ്ങിയ സുപ്രധാന ജോലികൾക്കായി നൂറ് പേരെയാണ് അസിസ്റ്റന്റ്മാരായി നിയമിക്കുന്നത്. യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തുകളിൽ താമസക്കാരായ 36 വയസ്സിനുതാഴെ പ്രായമുള്ള ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.

താൽക്കാലികമായാണ് നിയമിക്കുന്നതെങ്കിലും ഇവർക്ക് കാലാവധി നീട്ടിക്കൊടുക്കാനാണ് സാധ്യത. മുൻപ് ഇത്തരത്തിൽ നിയമിച്ചവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നു. അനധ്യാപക തസ്തികകളിലേയ്ക്കുള്ള സ്ഥിരം നിയമനങ്ങൾ പി എസ് സി വഴി മാത്രമേ നടത്താനാവൂ എന്നതുകൊണ്ടാണ് കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ നടത്തുന്നതെന്നും ഹർജ്ജിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഹർജ്ജിക്കാരനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.