ശാന്തൻപാറ: ദേവികുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വനിതാ കൗൺസലറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഒരാഴ്ച മുൻപാണ് യുവതി മരിച്ചത്. ഇവരുമായി അടുപ്പം പുലർത്തിയിരുന്ന ശാന്തൻപാറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ശ്യാംകുമാറിനെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
മൂന്നാർ സ്വദേശിനിയായ ഷീബ എയ്ഞ്ചൽ റാണിയെ (സ്വപ്ന-27) ആണ് കഴിഞ്ഞ 31ന് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷം മുൻപ് മൂന്നാർ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ശ്യാംകുമാർ ഷീബയെ പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. വിവാഹിതനായ ശ്യാംകുമാറിനെതിരെ ഷീബയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മേലുദ്യോഗസ്ഥൻ ശ്യാംകുമാറിനു താക്കീത് നൽകുകയും പിന്നീട് ശാന്തൻപാറയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ ശ്യാംകുമാർ വിവാഹമോചിതനായെന്ന് തെറ്റിദ്ധരിപ്പിച്ചു യുവതിയുമായുള്ള അടുപ്പം തുടർന്നതായാണ് ആരോപണം.
ശ്യാംകുമാർ വിവാഹമോചിതനായിട്ടില്ലെന്ന് അറിഞ്ഞ ഷീബ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ശ്യാംകുമാർ മകളെ തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചതായി ആരോപിച്ച് ഷീബയുടെ പിതാവ് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നർകോട്ടിക് ഡിവൈഎസ്പി എ.ജി.ലാലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയുടെ മരണത്തിൽ ശ്യാംകുമാറിനെതിരെ കേസെടുത്തിട്ടില്ലെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണ സംഘം ഇന്നലെ ഷീബയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു.