നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; സുരക്ഷ വീഴ്ചയില്ല; നീക്കം ആസൂത്രിതമെന്ന് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ

കോട്ടയം: നവജാത ശിശുവിനെ തട്ടിയെടുത്തത് ആസൂത്രിതമായെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യു. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിൽ സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു.

വളരെ ആസൂത്രിതമായാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യു പറഞ്ഞു. ആശുപത്രിക്ക് ഉള്ളിൽ നിന്ന് സഹായം കിട്ടിതായി തോന്നുന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിക്ക് റിപ്പോർട്ട് നൽകും. പ്രാഥമിക നടപടിയുടെ ഭാഗമായാണ് സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ ജീവനക്കാരിയുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടയെന്ന ആർഎംഒയുടെ തല സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് രണ്ട് ആഭ്യന്തര അന്വേഷണ സമിതികളുടെയും കണ്ടെത്തൽ.

ആർഎംഒ തല സമിതിക്ക് പുറമേ പ്രിൻസിപ്പലിനെ നേതൃത്വത്തിലുള്ള സമിതിയും ഇക്കാര്യം അന്വേഷിച്ചിരുന്നുണ്ട്. ആശുപത്രി ജീവനക്കാരുടെ കയ്യിൽ നിന്നല്ല കുട്ടിയെ തട്ടിയെടുത്തത്. ആൾമാറാട്ടം നടത്തി അമ്മയെ കബളിപ്പിച്ച് ആണ് കുട്ടിയെ കൊണ്ടുപോയത്. ഇത് സുരക്ഷാവീഴ്ച അല്ലെന്നാണ് സമിതികളുടെ വിലയിരുത്തൽ.

മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യുവിന് രണ്ട് റിപ്പോർട്ടുകളും കൈമാറി. അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസും അടുത്ത ദിവസം തന്നെ മെഡിക്കൽ കോളേജിൽ എത്തും. അതിനിടെ ഗാന്ധിനഗർ പൊലീസിനെ അനുമോദിച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കേക്ക് മുറിച്ചു.