നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യമെന്ത്: ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. കേസിന് അനുകൂലമായി സാക്ഷിമൊഴികളുണ്ടാക്കാനുള്ള പ്രോസിക്യൂഷൻ നീക്കമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

വിചാരണക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യമെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. ഓരോ സാക്ഷിയെയും വീണ്ടും വിസ്തരിക്കണമെങ്കില്‍ മതിയായ കാരണങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.

സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ്, ഇവരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ഇത് പ്രോസിക്യൂഷന്‍ കേസിന് അനുസരിച്ച് സാക്ഷിമൊഴികളുണ്ടാക്കാനാണെന്ന് സംശയിക്കേണ്ടി വരും. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ കോടതിയ്ക്ക് ബാധ്യതയുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലും കേസുമായി എന്തുബന്ധമാണുള്ളതെന്നും കോടതി ചോദിച്ചു.

പ്രോസിക്യൂഷന്‍റെ കേസ് നടത്തിപ്പില്‍ അതൃപ്തിയുണ്ടോയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. എന്നാൽ കേസ് കൈകാര്യം ചെയ്ത രണ്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജി വയ്ക്കാനിടയായ സാഹചര്യം കണക്കിലെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വിശദമായി വാദം കേട്ട കോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു. ഇതിനിടെ കേസില്‍ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി അടുത്ത ബുധനാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.