രാജ്യത്ത് കൊറോണ മൂന്നാം തരംഗത്തിലെന്ന് സ്ഥിരീകരണം; മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് കൊറോണ മൂന്നാം തരംഗത്തിലെന്ന് സ്ഥിരീകരിച്ച് കൊറോണ വാക്സീൻ സാങ്കേതിക ഉപദേശകസമിതി. ഈ മാസം തന്നെ കൊറോണ കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കൊറോണ വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച മാത്രം രാജ്യത്ത് കൊറോണ കേസുകളിൽ വൻവർദ്ധനയാണുണ്ടായത്. ഇത് മൂന്നാംതരംഗത്തെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് ഡോ. എൻ കെ അറോറ പറയുന്നു. പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ”സമാനമായ കേസ് വ‍ർദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയാണ്”, ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് എൻ കെ അറോറ പറഞ്ഞു. പരിഭ്രാന്തിയിലായിട്ട് കാര്യമില്ലെന്നും, രാജ്യത്തെ 80 ശതമാനം പേർക്കും വൈറസ് വന്ന് പോയെന്നും, 90 ശതമാനം മുതിർന്നവരും ഒരു ഡോസ് കൊറോണ വാക്സീനെങ്കിലും സ്വീകരിച്ചെന്നും, 65 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും എടുത്തെന്നുമുള്ളത് ആശ്വാസമാണെന്നും എൻ കെ അറോറ പറയുന്നുദക്ഷിണാഫ്രിക്കയിൽ പടർന്ന് പിടിച്ച ഒമിക്രോൺ വകഭേദവും ഇന്ത്യയിലെ സാഹചര്യവും തമ്മൽ സമാനതകളുണ്ടെന്ന് ഡോ. അറോറ ചൂണ്ടിക്കാട്ടുന്നു. ”ദക്ഷിണാഫ്രിക്കയിലെ കേസുകളുടെ സാഹചര്യം വച്ച് നോക്കിയാൽ, കേസുകൾ കുത്തനെ കൂടിയെങ്കിലും രണ്ടാഴ്ച കൊണ്ട്, കേസുകൾ താരതമ്യേന കുറഞ്ഞു വരുന്നതാണ് കണ്ടത്. പലരിലും ലക്ഷണങ്ങളില്ലായിരുന്നു. അല്ലെങ്കിൽ വളരെ ചെറിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിലാക്കേണ്ട സാഹചര്യമുള്ള കേസുകൾ ആകെ കേസുകൾ വച്ച് നോക്കിയാൽ തുലോം കുറവായിരുന്നു. ഇതെല്ലാം പരിഗണിച്ചാൽ ദക്ഷിണാഫ്രിക്കയിൽ ഉടൻ കേസുകൾ കുറഞ്ഞേക്കാം. സമാനമായ രീതിയാണ് ഇന്ത്യയിലും മൂന്നാം തരംഗത്തിൽ കാണുന്നത്”, ഡോ. അറോറ പറയുന്നു.എന്നാൽ ഇന്ത്യയിലെ ജനസംഖ്യ പരിഗണിച്ചാൽ ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം നേരിയ തോതിലെങ്കിലും കൂടുന്നത് മരണനിരക്കും കൂടാൻ കാരണമാക്കുമെന്ന് വിലയിരുത്തലുണ്ട്. കൊറോണ രണ്ടാംതരംഗത്തിൽ ബഹുഭൂരിപക്ഷം പേരും ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നതാണ്. ആശുപത്രികൾ നിറഞ്ഞുകവിയുന്ന സ്ഥിതിയുണ്ടായാൽ രണ്ടാം തരംഗത്തിലെ ദുരവസ്ഥ ആവർത്തിക്കുമോ എന്നതാണ് ആശങ്കയാകുന്നത്. ഇനി വാക്സീനെടുക്കാൻ ബാക്കിയുള്ളവരോട് എത്രയും പെട്ടെന്ന് വാക്സീൻ സ്വീകരിക്കാൻ ഡോ. അറോറ ആവശ്യപ്പെട്ടു. കൊറോണ പകരാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കണം. ഇതിനിടെ, കൊറോണ ബൂസ്റ്റർ ഡോസ് വാക്സീൻ്റ മൂന്നാം ഘട്ട പരീക്ഷണത്തിന് തത്വത്തിൽ അനുമതിയായി. ഭാരത് ബയോടെക്കിൻ്റെ, മൂക്കിലൂടെ നൽകാവുന്ന വാക്സീൻ്റ തുടർഘട്ട പരീക്ഷണത്തിനാണ് അനുമതി. ഡിസിജിഐ വിദഗ്ധ സമിതിയാണ് അനുമതി നൽകിയിരിക്കുന്നത്. പരീക്ഷണം പൂർത്തിയാക്കി മാർച്ചോടെ വാക്സീൻ പുറത്തിറക്കാനാണ് ആലോചന. ചൊവ്വാഴ്ച രാജ്യത്ത് പുതുതായി 37,379 കേസുകളാണ് കണ്ടെത്തിയതെങ്കിൽ ഇന്നത് 58,000 ആയി ഉയർന്നു. ഒറ്റ ദിവസം കൊണ്ട് 56 ശതമാനം വർദ്ധനയാണുണ്ടായത്.ഒമിക്രോൺ ബാധിതരുടെ എണ്ണം രണ്ടായിരം പിന്നിട്ടു. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനമായി ഉയർന്നിട്ടുണ്ട്. പ്രതിദിന മരണം വീണ്ടും നൂറ് കടന്നു.