ട്രെയിനിൽ എഎസ്ഐ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; പോലീസിനെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ട്രെയിനിൽ എ.എസ്.ഐ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാവേലി എക്‌സ്പ്രസിലെ മർദ്ദനത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശിച്ചു. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തുവെന്ന കുറ്റത്തിനാണ് പൊലീസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ ക്രൂരമായി മർദിച്ചത്. തുടർന്ന് ഇയാളെ വലിച്ചിഴച്ച് പുറത്താക്കുന്നതും ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.യാത്രക്കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ ടിടിഇ പി.എം.കുഞ്ഞഹമ്മദിനോട് റെയിൽവേ വിശദീകരണം തേടി. മദ്യപൻ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാർ പരാതി നൽകിയിരുന്നുവെന്ന് ടിടിഇ പറഞ്ഞു. വനിതാ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും മാറി ഇരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.മർദനമേറ്റ യാത്രക്കാരൻ ട്രെയിനിൽ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് പാലക്കാട് സബ് ഡിവിഷൽ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനെ മാറ്റാൻ നിർദേശിച്ചത് ടിടിഇയാണ്. മർദിച്ചത് തെറ്റെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് റെയിൽവേ എസ്പി ചൈത്രാ തെരേസാ ജോൺ പരിശോധിക്കുന്നു. അതേസമയം പൊലീസിന്റെ അതിക്രമങ്ങളിൽ ആഭ്യന്തര വകുപ്പിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ എഎസ്ഐ കെ വി പ്രമോദ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിൽ ഇത്തരം പ്രവണതകൾ എല്ലാക്കാലത്തും ഉണ്ടെന്നും സർക്കാർ അത്തരക്കാർക്കെതിരെ നടപടി എടുക്കുമെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. സമൂഹത്തിലെ തിന്മകളെ ഒറ്റയടിക്ക് മാറ്റാൻ ആർക്കും പറ്റില്ലെന്നും കാനം പറഞ്ഞു. ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ താൻ തെറ്റൊന്നും ചെയ്തില്ലെന്ന ന്യായീകരണവുമായി എ. എസ്. ഐ കെ.വി പ്രമോദ്. ടിക്കറ്റില്ലാത്ത യാത്രക്കാരനെ താൻ ട്രെയിനിൽ നിന്നും ഇറക്കിവിടുക മാത്രമാണ് ചെയ്തെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. താൻ യാത്രക്കാരനെ ചവിട്ടിയിട്ടില്ലെന്നും പൊതുജനത്തോട് മാന്യമായി പെരുമാറണമെന്ന് സർക്കാർ നിർദ്ദേശമുണ്ടെന്നുമായിരുന്നു കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കഴിഞ്ഞ രാത്രിയിൽ ചുമതലയുണ്ടായിരുന്ന പ്രമേദിന്റെ പ്രതികരണം. കണ്ണൂരിൽ മാവേലി എക്സ്പ്രസിലെ യാത്രക്കാരനോട് എ. എസ്. ഐ കെ.വി പ്രമോദ് പെരുമാറിയത് അതിമൃ​ഗീയമായി എന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. സ്ലീപ്പർ കോച്ചിൽ ഉണ്ടായിരുന്ന മനുഷ്യനെ അതിമൃ​ഗീയമായി മർദ്ദിച്ച ശേഷം കരണത്തടിച്ച് നിലത്തിട്ട് ചവുട്ടിക്കൂട്ടി വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടത് ടിക്കറ്റില്ല എന്നാരോപിച്ചാണ്. എന്നാൽ, ടിക്കറ്റോ മറ്റ് യാത്രാ രേഖകളോ കാണിക്കാനുള്ള സമയം പോലും ആ മനുഷ്യന് എഎസ്ഐ നൽകിയില്ല. യാത്രക്കാരനെ മർദ്ദിച്ചതിനു ശേഷം പുറത്തേക്ക് വലിച്ചിടുകയായിരുന്നു. ഇതിന് ശേഷം ഈ യാത്രക്കാരനെ കുറിച്ച് ആർക്കും വിവരമില്ല.ഈ കംപാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന മറ്റു യാത്രക്കാർ മർദനം നടത്തുന്നത് വിലക്കിയെങ്കിലും ഇതൊന്നും ചെവികൊള്ളാതെ എ. എസ്. ഐ മർദ്ദനമഴിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് യാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതു ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. എഎസ്ഐ പ്രമോദിനൊപ്പം രാഗേഷെന്ന പൊലിസുകാരനുണ്ടായിരുന്നുവെങ്കിലും ഇയാൾ യാത്രക്കാരനെ തൊടാതെ മാറി നിൽക്കുകയായിരുന്നു.യാത്രക്കാരനെ മർദ്ദിച്ചതിനു ശേഷം ടി.ടി. സ്ഥലത്തെത്തുകയും ഇയാളെ രാത്രിയിൽ വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടാൻ കൂട്ടുനിൽക്കുകയായിരുന്നു. ഓർഡിനറി കംപാർട്ട് മെന്റിൽ ടിക്കറ്റെടുത്ത യാത്രക്കാരൻ സ്ളീപ്പറിൽ കയറിയതിനാണ് പൊലിസ് മർദ്ദനമഴിച്ചുവിട്ടത്. ട്രെയിനിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് യാത്രക്കാരനെതിരെ നടപടി സ്വീകരിച്ചതെന്നാണ് മർദ്ദനം നടത്തിയ എ. എസ്. ഐയുടെ വിശദീകരണം. എന്നാൽ ഇയാൾ യാത്രക്കാരനെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സാധാരണയായി ടിക്കറ്റില്ലാതെ യാത്രക്കാർക്ക് പിഴ ചുമത്തുകയോ അവരെ ട്രെയിനിൽ നിന്നും ഇറക്കി വിടുകയോ ചെയ്യുന്നത് ടി. ടി.യുടെ ചുമതലയാണ്. ടിക്കറ്റില്ലാതെ ഒരാൾ യാത്ര ചെയ്താൽ ട്രെയിൻ പുറപ്പെടുന്ന സ്ഥലത്തു നിന്നുമുള്ള ടിക്കറ്റ് നിരക്കോ 250രൂപ പിഴയീടാക്കുകയോ കേസെടുക്കുകയോയാണ് ചെയ്യാറുള്ളത്.