മന്ത്രിമാരുടെ അത്ര പഴ്സനൽ സ്റ്റാഫിനെ ചീഫ് വിപ്പ് എൻ.ജയരാജിനു നിയമിച്ചത് അനാവശ്യ നടപടി: മുൻമന്ത്രി വിഎസ് സുനിൽ കുമാർ

തിരുവനന്തപുരം: കേരള കോൺഗ്രസിലെ(എം) ചീഫ് വിപ്പ് എൻ.ജയരാജിനു മന്ത്രിമാരുടെ അത്രയും പഴ്സനൽ സ്റ്റാഫിനെ നിയമിച്ചത് അനാവശ്യ നടപടിയാണെന്ന് മുൻമന്ത്രി വി.എസ്. സുനിൽ കുമാർ. സിപിഐയുടെ ചീഫ് വിപ്പായിരുന്ന കെ.രാജനു വളരെ പരിമിതമായ സ്റ്റാഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗൺമാനെ പോലും വച്ചില്ല. ആ മാതൃക തുടരാമായിരുന്നു. ഇതെല്ലാം ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി കൂടി തീരുമാനിക്കേണ്ട കാര്യമാണ്.

കണ്ണൂർ‍ വൈസ് ചാൻസലറെ നിയമിക്കാൻ ഗവർണർക്കു കത്തു നൽകാനുള്ള അധികാരം പ്രോ–ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇല്ലെന്ന്സുനിൽ‍ കുമാർ പറഞ്ഞു. കാർഷിക വാഴ്സിറ്റിയുടെ പ്രോ–ചാൻസലറായി പ്രവർത്തിച്ചിട്ടുള്ള അനുഭവത്തിൽ നിന്നാണ് ഇതു പറയുന്നതെന്നും ഒരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

മന്ത്രി എന്ന നിലയിൽ‍ വിസിയുടെ അടുത്തു പോലും താൻ ഇത്തരമൊരു കാര്യവും പറഞ്ഞിട്ടില്ല. സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റജിസ്ട്രാറുടെ ശ്രദ്ധയിൽ പെടുത്തും. വകുപ്പു മന്ത്രിമാർ ഗവർണർക്കു നേരിട്ടു നിർദേശം കൈമാറുന്നത് അസാധാരണമാണ്. ഗവർണർക്കു പ്രോ–ചാൻസലർ കത്ത് കൊടുക്കാൻ പാടില്ല എന്നല്ല. പക്ഷേ ഏതു വിഷയത്തിൽ കത്തെഴുതണം, എന്തെല്ലാം പറയാം എന്നൊക്കെ വ്യവസ്ഥയുണ്ട്.ഗവർണറുടെ നീക്കങ്ങൾക്കു പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നു സംശയിക്കണമെന്നു സുനിൽ കുമാർ പറഞ്ഞു.

സിൽവർലൈനിനെ സിപിഐ എതിർക്കില്ല. കാസർകോട്–തിരുവനന്തപുരം അതിവേഗ സഞ്ചാര പാത ആവശ്യമാണെന്നാണു പാർട്ടി നിലപാട്. എന്നാൽ ബുൾഡോസർ ഉപയോഗിച്ചുള്ള വികസനം ഇവിടെ അസാധ്യമാണെന്നും സുനിൽ കുമാർ പറഞ്ഞു.

ചീഫ് വിപ്പ്: കെ.രാജന്റെ മാതൃക ജയരാജും തുടരേണ്ടിയിരുന്നു