ഹോട്ടലുകളിൽ ഭക്ഷണത്തിന് അന്യായ വില; ശക്തമായ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ഹോട്ടലുകളിൽ ഭക്ഷണത്തിന് ഇരട്ടിതുകവരെ ഈടാക്കുന്നു. ഒരേ സ്ഥലത്തു തന്നെ വ്യത്യസ്ത ഹോട്ടലുകൾ തമ്മിൽ വിലയിൽ വലിയ വ്യത്യാസമാണുള്ളത്. ഒരു ചായയ്‌ക്ക് 10 രൂപ മുതൽ 20 രൂപ വരെ ഈടാക്കുന്നുണ്ട്. ഊണിന് 50 രൂപ മുതൽ 120 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകളുണ്ടെന്നാണ് പരാതി.

ഊണിനൊപ്പം വാങ്ങുന്ന മീൻ വറുത്തതിന് 100 രൂപയിലധികവും ചിലപ്പോൾ ഈടാക്കാറുണ്ടെന്നും ജനങ്ങൾ പറയുന്നു. പരാതികളിൽ നടപടിയെടുക്കുമെന്ന് മന്ത്രി. ഹോട്ടലുകളിൽ ഭക്ഷണത്തിന് കൊള്ളവില ഈടാക്കുന്നത് നിയന്ത്രിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ ഉറപ്പ് നൽകി.

ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർധിച്ചു വരുന്നത് സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ ഭക്ഷണത്തിന്റെ വില മാനദണ്ഡങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ദൈനംദിനം വർധിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളിൽ നിന്നും സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടർമാർക്കും ലീഗൽ മെട്രോളജി വകുപ്പിനും നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.

ന്യായമായ വിലവർദ്ധനയെ ഉപഭോക്താക്കൾ എതിർക്കുന്നില്ലെങ്കിലും ചില ഇടങ്ങളിൽ ഭക്ഷണത്തിന് കുത്തനെ വിലവർദ്ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.