കൊച്ചി: വടക്കന്‍ പറവൂരില്‍ വിസ്മയയുടെ മരണത്തിന് പിന്നാലെ കാണാതായ സഹോദരി ജിത്തു, എറണാകുളത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന് ശേഷം ജിത്തു എങ്ങോട്ട് പോയി എന്നത് സംബന്ധിച്ച് പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. കാണാതായി മൂന്ന് ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ജിത്തുവിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിന് തൊട്ടുമുമ്പ് ജിത്തു വീടിന് സമീപത്തെ സി മാധവന് റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ എത്തുമ്പോള്‍ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തില്‍ വീടിന്റെ പിറക് വശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെയാണ് ജിത്തു സി മാധവന് റോഡിലെത്തിയതെന്ന് പൊലീസ് കരുതുന്നു.
ഇവിടെ നിന്നും ബസ്സില്‍ എറണാകുളത്തെത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷം ജിത്തുവിന് എന്ത് സംഭവിച്ചെന്ന ഒരു സൂചനയും പൊലീസിനില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന രൂപമല്ല ഇപ്പോള്‍ ജിത്തുവിനുള്ളതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ തല മൊട്ടയടിച്ചിരുന്നു.
മാനസിക പ്രശ്നങ്ങള്‍ ഉള്ള ആളായതിനാല്‍ എറെ ആശങ്കയിലാണ് മാതാപിതാക്കളും. വിസ്മയയുടെ മൊബൈല്‍ ഫോണ്‍ ജിത്തുവിന്റെ കൈവശമുണ്ട്. ഏറ്റവും ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് പറവൂരിന് സമീപം എടവനക്കാട് വെച്ചാണ്. പിന്നീട് ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എറണാകുളത്തെത്തിയ ശേഷം ട്രെയിനില്‍ കയറി കേരളത്തിന് പുറത്തേക്ക് പോയിരിക്കാം എന്ന സംശയവും പൊലീസിനുണ്ട്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും കാണാതായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്തും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.