മേയറുടെ ചേംബർ മോടി പിടിപ്പിക്കുന്നതിനും കോർപ്പറേഷൻ സൗന്ദര്യവൽക്കരണ ക്രമക്കേടിനും എതിരേ തൃശ്ശൂരിൽ പ്രതിഷേധം

തൃശ്ശൂർ: മേയറുടെ ചേംബർ മോഡി പിടിപ്പിക്കുന്നതിനും, കോർപ്പറേഷനിലെ സൗന്ദര്യ വൽക്കരണത്തിലെ ക്രമക്കേടിനും എതിരെ പ്രതിഷേധം ഉയർത്തി പദ്ധതി ഉദ്ഘാടന വേദിയിലേക്ക് മുൻ മേയറും പ്രതിപക്ഷനേതാവുമായ രാജൻ.ജെ പല്ലന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ കൗൺസിലർമാർ അഴിമതിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തി.

തെക്കേ ഗോപുരനടയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കോർപ്പറേഷൻ ഉദ്ഘാടനവേദിയിൽ എത്തുന്നതിനു മുമ്പ് തന്നെ പോലീസ് വടം വലിച്ചുകെട്ടി തടഞ്ഞു. മുദ്രാവാക്യം വിളിച്ച് മുന്നോട്ടുനീങ്ങിയ കൗൺസിലർമാരായ ശ്രീലാൽ ശ്രീധർ, എ.കെ. സുരേഷ്, വിനിഷ് തയ്യിൽ, എന്നിവരെ പോലീസ് ബലം പിടിച്ച് പൊലീസ് വാനിൽ കയറ്റാൻ നോക്കിയത് സംഘർഷത്തിന് ഇടയായി, പ്രതിപക്ഷനേതാവ് രാജൻ.ജെ.പല്ലന്റെയും, കൗൺസിലർമാരുടെയും നേതൃത്വത്തിൽ തടയാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെഅറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ചട്ടവിരുദ്ധവും, ധൂർത്തും, അഴിമതിയും, ഉന്നയിച്ച് ഉദ്ഘാടന പരിപാടികളിൽ നിന്നും മന്ത്രിമാർ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിഷേധമാർച്ച് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഴിമതിക്കായി മേയറും, ഉദ്യോഗസ്ഥരും, ഗൂഡാലോചന നടത്തിയതിൻ്റ വ്യക്തമായ തെളിവാണ് ഇ ടെൻഡർ ഒഴിവാക്കാൻ കോടികളുടെ പ്രവൃത്തി 51 ഫയലുകളാക്കി മാറ്റിയതെന്ന് സനീഷ്കുമാർ ജോസഫ് ആരോപിച്ചു.

കൗൺസിലിൽ ചർച്ച ചെയ്യാതെ മുൻസിപ്പൽ ചട്ടം ലംഘിച്ചു കൊണ്ടുള്ള കോടികളുടെ ക്രമക്കേട് നിയമസഭയിൽ ഉന്നയിക്കുമെന്ന് എം.എൽ.എ പറഞ്ഞു അഴിമതിക്കെതിരെ കോൺഗ്രസ് രാഷ്ട്രിയവും, നിയമപരവുമായ പോരാട്ടം തുടരും. കോർപ്പറേഷനിലെ അഴിമതി വിജിലൻസ് അടിയന്തിരമായി കേസ് രജിസ്റ്റർ ചെയ്യണമെന്ന് സനീഷ്കുമാർ ആവശ്യപ്പെട്ടു.

സമാധാനപരമായി മന്ത്രിമാരെയും പോലീസിനെയും അണിനിരത്തി അഴിമതിക്കും, ധൂർത്തിലും, എതിരെയുള്ള സമരം അടിച്ചൊതുക്കാൻ സാധിക്കില്ലയെന്ന് പ്രതിപക്ഷനേതാവ് രാജൻ. ജെ. പല്ലൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

കെപിസിസി സെക്രട്ടറിയും, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയേൽ, കോൺഗ്രസ്‌ നേതാക്കളായ എ. പ്രസാദ്, രാജേന്ദ്രന് അരങ്ങത്തു, പി. ശിവശങ്കരൻ, കെ. ഗിരീഷ്കുമാർ, ലാലി ജെയിംസ്, എൻ.എ.ഗോപകുമാർ, ഇ.വി. സുനിൽരാജ്, ജയപ്രകാശ് പൂവത്തിങ്കൽ, കെ.രാമനാഥൻ, ശ്യാമള മുരളീധരൻഎന്നിവർ പ്രസംഗിച്ചു.

കൗൺസിലർമാരായ മുകേഷ് കുളപറമ്പിൽ, എബി വർഗീസ്, സനോജ് പോൾ, സിന്ധു ആന്റോ , റെജി ജോയ്, അഡ്വ. വില്ലി, രമന്യ ബൈജു, ആൻസി ജേക്കബ്, മെഫി ഡെൽസൺ, നിമ്മി റപ്പായി, മേഴ്‌സി അജി എന്നിവർ പങ്കെടുത്തു.