കൊച്ചി: പറവൂരിലെ വിസ്മയ കൊലക്കേസിൽ പ്രതിയും കൊല്ലപ്പെട്ട വിസ്മയയുടെ സഹോദരിയുമായ ജിത്തു പൊലീസ് പിടിയിലായി. എറണാകുളത്ത് ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്നാണ് ഇവരെ പിടിയിലായത്. ഇവർക്ക് ചില മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിവരം. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പ്രതിക്ക് ആരെങ്കിലും ഒളിവിൽ കഴിയാൻ സഹായം നൽകിയോ എന്നടക്കമുള്ള കാര്യങ്ങൾ അറിയാനുണ്ട്.
ഇളയ പെൺകുട്ടിയായ ജിത്തു, പ്രണയം എതിർത്തതിനെ തുടർന്ന് വിസ്മയയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവം നടന്ന ശേഷം ജിത്തു ഓടിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇന്ന് വൈകീട്ടോടെ ജിത്തുവിനെ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്. ജിത്തു മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്നുവെന്നാണ് വിവരം.
ഇന്നലെയാണ് പറവൂരിൽ പെൺകുട്ടിയെ വീടിനുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിറകെ ഇരട്ട സഹോദരിമാരിൽ ഒരാൾ അപ്രത്യക്ഷയായത് മരണത്തിലെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. സഹോദരിയെ കൊലപ്പെടുത്തി ജിത്തു രക്ഷപ്പെട്ടതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.
പെരുവാരം അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞതിനാൽ ആരാണ് മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കിയാണ് മരിച്ചത് മൂത്തമകൾ വിസ്മയയാണെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.