മകളുടെ കാമുകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത് ഒറ്റക്കുത്തിന്; പേട്ടയിലേത് ആസുത്രിത കൊലപാതകമെന്ന് യുവാവിന്റെ പിതാവ്

തിരുവനന്തപുരം: പേട്ടയിൽ കഴിഞ്ഞ ദിവസം അനീഷ് ജോർജ്ജ് എന്ന 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ​ഗുരുതര ആരോപണവുമായി യുവാവിന്റെ വീട്ടുകാർ. അനീഷ് ജോർജ്ജിനെ വെളുപ്പിന് മൂന്ന് മണിക്ക് വിളിച്ചുവരുത്തി സൈമൺ ലാലൻ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് അനീഷ് ജോർജ്ജിന്റെ പിതാവ് ആരോപിക്കുന്നത്. സൈമൺ ലാലന്റെ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളുമായി അനീഷ് ജോർജ്ജ് പ്രണയത്തിലായിരുന്നു.

ഇരുവരും പള്ളിയിലെ ​ഗായക സംഘത്തിൽ ഉള്ളവരാണ്. ആ പരിചയം പ്രണയമായി വളരുകയായിരുന്നു. ഇത് മനസിലാക്കിയ സൈമൺ ലാലൻ വെളുപ്പിന് യുവാവിനെ വിളിച്ചുവരുത്തി കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് അനീഷിന്റെ പിതാവ് ജോർജ്ജ് വെളിപ്പെടുത്തിയത്.

പേട്ട ആനയറ പാലത്തിനു സമീപം ഐശ്വര്യയിൽ അനീഷ് ജോർജ്(19) ആണ് കൊല്ലപ്പെട്ടത്. പേട്ട ചായക്കുടി ലെയ്നിലെ സൈമൺ ലാലന്റെ വീടായ ഏദനിൽ ഇന്നലെ പുലർച്ചെ 3.15ന് ആയിരുന്നു സംഭവം. അടുത്തുള്ള പേട്ട പൊലീസ് സ്റ്റേഷനിലെത്തി സൈമൺ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് എത്തി അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചു. സൈമൺ ലാലനെ(51) അറസ്റ്റ് ചെയ്തു.

കള്ളനാണെന്നാണു കരുതിയതെന്നും പ്രതിരോധിക്കുന്നതിനിടെ പ്രാണരക്ഷാർഥം കുത്തിയതാണെന്നും സൈമൺ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. സൈമണിന്റെ പ്ലസ് വൺ വിദ്യാർഥിനിയായ മകളും അനീഷും സുഹൃത്തുക്കളാണ്. പെൺകുട്ടിയെ കാണാനാകണം അനീഷ് ഈ വീട്ടിൽ എത്തിയതെന്നാണു പൊലീസ് കരുതുന്നത്.

പെൺകുട്ടിയും അനീഷും മാതാവും പേട്ട പള്ളിമുക്കിലുള്ള ക്രൈസ്തവ ദേവാലയത്തിലെ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണു സൈമണും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.

താഴത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്നവർ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ഇവിടെ നിന്നു മുക്കാൽ കിലോമീറ്റർ മാറിയാണ് അനീഷിന്റെ വീട്. പുലർച്ചെ മകളുടെ മുറിയിൽ സംസാരം കേട്ടു സൈമൺ എത്തി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്നു ബലം പ്രയോഗിച്ചു കതകു തുറന്നപ്പോൾ അനീഷുമായി കയ്യേറ്റമുണ്ടായെന്നും കത്തി കൊണ്ടു കുത്തിയെന്നുമാണു പൊലീസ് പറയുന്നത്.

സൈമൺ ലാലൻ അറിയിച്ചതനുസരിച്ചു പൊലീസ് അവിടെ എത്തുമ്പോൾ മാത്രമാണു സമീപവാസികൾ പേലും വിവരം അറിയുന്നത്. നിലവിളിയോ ഒന്നും പുറത്തു കേട്ടില്ലെന്നു സംഭവത്തിന്റെ ആഘാതത്തിലുള്ള അയൽക്കാർ പറഞ്ഞു. പൊലീസ് എത്തുമ്പോൾ വീടിന്റെ രണ്ടാം നിലയിലെ ഹാളിൽ ചലനമറ്റു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അനീഷ് ജോർജ്.

നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. തറയിലും രക്തമുണ്ടായിരുന്നു. സൈമൺ ലാലന്റെ കുടുംബാംഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആംബുലൻസ് വരുത്തിയാണ് നാലു മണിയോടെ പൊലീസ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. പേട്ട ചായക്കുടി ലെയ്നിലുള്ള ഏദൻ എന്ന വീടിന്റെ അതേ വളപ്പിൽ മൂന്നു വീടുകൾ കൂടിയുണ്ട്. ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. അവരും ഒന്നും അറിഞ്ഞിരുന്നില്ല. പള്ളിയിലെ ഗായക സംഘത്തിൽ സൈമണിന്റെ മകളും അനീഷും അംഗങ്ങളാണ്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണു വിവരം.

സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് അറിയിച്ചു. ഗൾഫിൽ ബിസിനസ് നടത്തിയിരുന്ന സൈമൺ ഒന്നര വർഷം മുൻപാണു നാട്ടിലെത്തിയത്. തിരിച്ചു പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഹോട്ടൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന ജോർജിന്റെയും ഡോളിയുടെയും മകനായ അനീഷ് നാലാഞ്ചിറ ബഥനി കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്. അനൂപ് ആണ് സഹോദരൻ. സംസ്കാരം നടത്തി.