തിരുവനന്തപുരത്ത് മകളെ കാണാൻ എത്തിയ ആൺ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

തിരുവനന്തപുരം: മകളെ കാണാൻ എത്തിയ ആൺ സുഹൃത്തിനെ കുത്തിക്കൊന്ന് പിതാവ്. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലൻ പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലൻ പോലീസിനോട് വ്യക്തമാക്കിയത്.

പുലർച്ചെ നാലിനായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ലാലു പേട്ട പോലീസിൽ കീഴടങ്ങുകയായിരുന്നു. കള്ളനെന്ന് കരുതി അനീഷിനെ ലാലു ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിനോട് പറഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണർന്നത്.

അനീഷിനെ ശ്രദ്ധയിൽ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനീഷ് ജോര്‍ജ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണ്. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.