വാക്‌സിനെടുക്കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോൾ മരത്തിന് മുകളില്‍ കയറി യുവാവ്

ചെന്നൈ: കൊറോണ പ്രതിരോധ വാക്‌സിന്‍ നല്‍കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് മരത്തിന് മുകളില്‍ കയറി യുവാവ്. പുതുച്ചേരിയിലാണ് നാല്‍പ്പതുകാരന്‍ വാക്‌സിനെടുക്കാന്‍ വിസമ്മതിച്ച് മരത്തിൽ കയറിയത്. വാക്‌സിന്‍ നല്‍കണമെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരോട് മരത്തില്‍ കയറാനും യുവാവ് ആവശ്യപ്പെട്ടു.

പുതുച്ചേരിയിലെ വിലിയന്നൂരിലാണ് സംഭവം. മരത്തിലേക്ക് ഓടി കയറുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 100 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള പുതുച്ചേരി സര്‍ക്കാരിന്റെശ്രമങ്ങള്‍ക്കിടയിലാണ് സംഭവം.

കോന്നേരിക്കുപ്പം ഗ്രാമത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിനിടയിലാണ് യുവാവ് വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് കണ്ടെത്തിയത്. വിവരങ്ങള്‍ കണ്ടെത്തി ഇയാളുടെ വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കണ്ട ഇദ്ദേഹം മരത്തില്‍ കയറുകയും ഇറങ്ങാന്‍ വിസമ്മതിക്കുകയും ചെയ്തു.

വാക്‌സിനേഷന്‍ ആവശ്യമാണെന്നും ഗ്രാമത്തിലെ പലരും ഇതിനകം എടുത്തിട്ടുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകരും അയല്‍വാസികളും അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും യുവാവ് താഴെയിറങ്ങാന്‍ വിസമ്മതിച്ചു.

ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പാണ് പുതുച്ചേരിയിലെ മേട്ടുപ്പാളയത്ത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയ ആരോഗ്യ പ്രവര്‍ത്തകയെ മാരിയമ്മന്‍ ബാധ കൂടിയെന്ന് കാണിച്ച് വൃദ്ധ ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.