അമേഠി: മോഷണക്കുറ്റം ആരോപിച്ച് ഉത്തർപ്രദേശിലെ അമേഠിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ക്രൂരമായി മർദ്ദിയ്ക്കുന്ന വീഡിയോ പുറത്ത്. രണ്ട് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ പിടിച്ച് വയ്ക്കുകയും മൂന്നാമൻ വടി ഉപയോഗിച്ച് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സംഭവത്തിൽ അമേഠി പോലീസ് കേസെടുത്തു.
മർദ്ദനമേറ്റ പെൺകുട്ടി വേദന കൊണ്ട് കരയുമ്പോഴും യുവാക്കൾ ക്രൂരത തുടർന്നു. നിലത്ത് വലിച്ച് ഇഴച്ചും മുടിയിൽ കുത്തിപ്പിടിച്ചും ആക്രമിക്കുന്നുണ്ട്. പ്രതികൾക്കെതിരേ പോക്സോ നിയമം ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തതായി അമേഠി പോലീസ് പുറത്ത് വിട്ട ട്വിറ്റർ വീഡിയോയിൽ പറയുന്നു. കേസിൽ നമൻ സോണി എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മറ്റ് പ്രതികളെ വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യു.പി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. ഇത്തരം കേസുകൾ വർധിക്കുമ്പോൾ പോലീസ് ഉറക്കം നടിക്കുകയാണെന്ന് അവർ ആരോപിച്ചു.
ഉത്തർ പ്രദേശിൽ ദിവസേന നൂറുകണക്കിന് കേസുകളാണ് ജാതി അധിക്ഷേപത്തിന്റെ പേരിലും സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ പേരിലും റിപ്പോർട്ട് ചെയ്യുന്നത്. പോലീസ് സേനയുടെ അനാസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.