ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമം; പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കും

തിരുവനന്തപുരം: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം നല്‍കാനും തീരുമാനമായതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു.

അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 50 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. 50 ഓളം പേര്‍ ചേര്‍ന്നാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കമുള്ളവരെ കൊല്ലാന്‍ ശ്രമിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘര്‍ഷം തടയാന്‍ എത്തിയവരെ കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശം.പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. പ്രതികള്‍ കല്ലും മരവടിയും ഉപയോഗിച്ച് എസ്എച്ച്ഒ വി പി ഷാജനെ വധിക്കാന്‍ ശ്രമിച്ചു. സംഘം ചേര്‍ന്നായിരുന്നു ആക്രമണം. സംഘര്‍ഷത്തെക്കുറിച്ച് അറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസിനെ ഇവര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതികളെ വിയ്യൂര്‍, കാക്കനാട്, മൂവാറ്റുപുഴ ജയിലുകളിലേക്ക് അയക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

അക്രമ സംഭവം നടക്കുന്ന സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്നവരും അവരുടെ മൊബൈലുകളില്‍ ദൃശ്യങ്ങളെടുത്തിരുന്നു. ഇതും പൊലീസ് പരിശോധിക്കും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. അക്രമത്തില്‍ സാരമായി പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തേണ്ടി വന്നു.