നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരായ പ്രോസിക്യൂഷൻ ഹർജികൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷൻ നൽകിയ ഹർജികൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രോസിക്യൂഷന്റെ ചില ആവശ്യങ്ങൾ വിചാരണ കോടതി തള്ളിയതിനെതിരേയുള്ള ഹർജികളാണ് ചൊവ്വാഴ്ച ഫയലിൽ സ്വീകരിച്ചത്. ഹർജിയിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് പ്രത്യേക ദൂതൻവഴി ഹൈക്കോടതി നോട്ടീസ് അയച്ചു. ജനുവരി ആറിന് ഹർജിയിൽ വിശദമായ വാദം കേൾക്കും.

പ്രതികളുടെ ഫോൺവിളികളുടെ യഥാർഥ രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യവും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും വിചാരണക്കോടതി തള്ളിയതിനെതിരേയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികളുടെ ഫോൺ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ടെലിഫോൺ കമ്പനികൾ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിച്ചിരുന്നു. ഇത് അംഗീകരിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. തുടർന്ന് യഥാർഥരേഖകൾ വിളിച്ചുവരുത്താൻ പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ നവംബർ 16-ന് അപേക്ഷ നൽകി. വിചാരണക്കോടതി ഡിസംബർ 21-ന് അപേക്ഷ തള്ളി.

പ്രോസിക്യൂഷന്റെ നിർണായകവാദത്തെ അപ്രസക്തമാക്കുന്ന നടപടിയാണിതെന്ന് അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ സർക്കാരിനുവേണ്ടി നൽകിയ ഹർജിയിൽ പറയുന്നു. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും ഡിസംബർ 21-ന് വിചാരണക്കോടതി തള്ളി. പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി നിഷേധിച്ചത് നിയമപരമല്ലെന്നാണ് ഹർജിയിലെ വാദം.