തെറ്റായ പ്രചാരണം നടക്കുന്നു; കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല: നരേന്ദ്ര സിംഗ് തോമർ

ന്യൂ ഡെൽഹി: കേന്ദ്രം പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. തെറ്റായ പ്രചാരണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചനയായിരുന്നു കൃഷിമന്ത്രി ഇന്നലെ നല്‍കിയത്. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ വിപ്ലവകരമായ തീരുമാനമാണ് കാര്‍ഷിക നിയമങ്ങള്‍. കര്‍ഷക നന്മയെ കരുതി കൊണ്ടുവന്ന നിയമങ്ങള്‍ പക്ഷേ ചിലര്‍ക്ക് ഇഷ്ടമായില്ല. സര്‍ക്കാരിന് നിരാശയില്ല. തല്‍ക്കാലം ഒരടി പിന്നോട്ട് വച്ചെന്നും കര്‍ഷകര്‍ രാജ്യത്തിന്‍റെ നട്ടെല്ലായതിനാല്‍ അവര്‍ക്കായി മുന്‍പോട്ട് വരുമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ വിവാദ പ്രസ്താവന. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് എംപിമാര്‍ക്ക് നല്‍കിയ കുറിപ്പിലും നിയമങ്ങളെ കൃഷിമന്ത്രി ശക്തമായി പിന്തുണച്ചിരുന്നു. സര്‍ക്കാര്‍ തോറ്റ് പിന്മാറിയെന്ന് ഉത്തര്‍പ്രദേശിലേതടക്കമുള്ള ‌തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് കൃഷിമന്ത്രി നിലപാട് വ്യക്തമാ‍ക്കിയത്. പുതിയ കാര്‍ഷിക രീതികളിലേക്ക് കര്‍ഷകര്‍ തിരിയണമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും പ്രചാരണ റാലികളില്‍ പ്രധാനമന്ത്രിയും ആവര്‍ത്തിക്കുന്നുണ്ട്. അതേ സമയം നിയമങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞ പ്രധാനമന്ത്രിയെ കൃഷിമന്ത്രി അപമാനിച്ചുവെന്നായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത്. നിയമങ്ങള്‍ കൊണ്ടുവന്നാല്‍ കര്‍ഷകസമരം വീണ്ടും തുടങ്ങുമെന്നും രാഹുല്‍ഗാന്ധി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.2020 സെപ്റ്റംബറിലാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കർഷകസമരം ഇരമ്പി. ഡെൽഹി അതിർത്തികൾ വളഞ്ഞ് കർഷകർ സമരമിരുന്നപ്പോൾ അവരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകം മുഴുവൻ ഡെൽഹിയുടെ അതിർത്തിയായ സിംഘുവിലേക്ക്, സമരപ്പന്തലുകളിലേക്ക് ഉറ്റുനോക്കി. ട്രാക്റ്റർ റാലിക്കിടെയുണ്ടായ അക്രമങ്ങളിലൂടെ കർഷകസമരത്തെ ഇകഴ്ത്തിക്കാട്ടാൻ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. കർഷകരെ കോൺഗ്രസ് ഇളക്കിവിടുകയാണെന്ന് പലപ്പോഴും ബിജെപി ആരോപണമുന്നയിച്ചെങ്കിലും സംയുക്ത കിസാൻ മോർച്ചയെന്ന പൊതുവേദിയിൽ ഊന്നി നിന്ന് സമരഭൂമിയിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ നേതാക്കൾ ശ്രദ്ധിച്ചു.ഒടുവിൽ ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി നടത്തിയ കൂട്ടക്കൊല രാജ്യത്തെ നടുക്കി. ഇതോടെ കേന്ദ്ര സർക്കാരിന് നിൽക്കക്കള്ളിയില്ലാതായി. നടപ്പാക്കിയ നിയമം ഒരു വർഷത്തിനു ശേഷം പിൻവലിക്കുന്ന അസാധാരണ നടപടിയിലേക്ക് കേന്ദ്രത്തിന് കടക്കേണ്ടി വന്നു.