തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റി സിപിഐ. പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്തു വിടണമെന്ന സിപിഐ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഉഭയകക്ഷി ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇക്കാര്യം സിപിഎമ്മിനെ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞയാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പദ്ധതിയെക്കുറിച്ച് ആശങ്ക ഉയര്‍ന്നിരുന്നു.
കെ റെയില്‍ പദ്ധതിക്കെതിരെ പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പെട്ടന്നുള്ള നിലപാട് മാറ്റമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിക്കുന്നു. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് കെ-റെയില്‍ എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിപിഐ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പദ്ധതിക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലും ജനരോക്ഷവും കണക്കിലെടുത്ത് ഡിപിആര്‍ കണ്ടതിന് ശേഷമാകും തുടര്‍നിലപാട് തീരുമാനിക്കുയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡിപിആര്‍ ഒരു രഹസ്യ രേഖയാണെന്നും അത് പുറത്തു വന്നാല്‍ പദ്ധതിയുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്നുമാണ് കെ-റെയില്‍ എംഡി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍ കെ റെയില്‍ പദ്ധതിയെ എതിര്‍ത്ത് ഇടതുപക്ഷ ആഭിമുഖ്യമുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് വീണ്ടും രംഗത്തെത്തി. ജനവിരുദ്ധമെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാകുന്ന പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം.
പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, പാരിസ്ഥികാഘാതപഠനം, സാമൂഹികാഘാത പഠനം എന്നിവയൊന്നും ചര്‍ച്ചചെയ്യാതെയാണ് കല്ലുകള്‍ നാട്ടി അതിര്‍ത്തി നിര്‍ണയിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും പരിഷത്ത് വ്യക്തമാക്കി. അതേസമയം, കെ-റെയില്‍ പദ്ധതി നാടിന്റെ ഭാവിക്കും നല്ല നാളെക്കും വരും തലമുറയ്ക്കും വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പറഞ്ഞിരുന്നു. പദ്ധതിയുടെ ഗുണഫലം എല്ലാവര്ക്കും ലഭിക്കുമെന്നും ശാസ്ത്രീയമായി പഠിച്ച് എതിര്‍ക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ-റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ജനരോക്ഷം വര്‍ധിക്കുകയാണ്. പദ്ധതിക്കായുള്ള കല്ലിടലിനും സര്‍വേയ്ക്കുമെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വെ പൂര്‍ത്തിയാക്കാനാകാതെ ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വരികയും ചെയ്തു.