എസ്ഡിപിഐയും ആർഎസ്എസും കേരളത്തിന്റെ സാമുദായിക മൈത്രി തകർക്കാൻ ശ്രമിക്കുന്നു: കോടിയേരി

തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്ടീയ കൊലപാതകങ്ങളിലൂടെ എസ്ഡിപിഐയും ആർഎസ്എസും കേരളത്തിന്റെ സാമുദായിക മൈത്രി തകർക്കുന്ന തരത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരാണ് പോലീസിനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നത്.

സമൂഹത്തിലാകെ ഭീതി പരത്തുന്ന സംഭവമാണ് ആലപ്പുഴയിലെ കൊലപാതകങ്ങൾ. ആസൂത്രിതമായ നീക്കങ്ങളാണ് എസ്ഡിപിഐയും ആർഎസ്എസും നടത്തുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഓരോ പ്രദേശത്തും ഇങ്ങനെ സംഘർഷം സൃഷ്ടിക്കാനാണ് വിവിധ രീതിയിൽ ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ ജനങ്ങൾ ഉയർന്ന നിലയിൽ ചിന്തിക്കേണ്ടതുണ്ട്.

കേരളത്തെ കലാപഭൂമിയാക്കരുതെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ജനുവരി നാലിന് ലോക്കൽ കമ്മിറ്റി തലത്തിൽ ബഹുജന കൂട്ടായ്മ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

വർഗീയ വികാരം ഇളക്കിവിടുന്ന ഒരു പ്രചാരണത്തിന് കഴിഞ്ഞ കുറച്ചുനാളായി ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. ആർഎസ്എസ് അതിന് മുൻകൈ എടുക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ബിജെപിക്ക് ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിനാണ് വർഗീയ ധ്രുവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. അതിന് സഹായകരമായ നിലപാടാണ് മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളും എടുക്കുന്നത്.

കേരളത്തിലെ സമാധാന ജീവിതം നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സിപിഎമ്മിന് ആവശ്യപ്പെടാനുള്ളത്. ആലപ്പുഴയിലെ കൊലപാതകങ്ങളിലെ ഗൂഢാലോചനയിൽ പങ്കെടുത്തവരെ പുറത്തുകൊണ്ടുവരണമെന്നാണ് സർക്കാരിന് അഭ്യർത്ഥിക്കാനുള്ളതെന്നും കോടിയേരി പറഞ്ഞു.

പോലീസ് ഇന്റലിജൻസിന് വീഴ്ച സംഭവിച്ചിട്ടില്ല. രാഷ്ട്രീയമായി ആസൂത്രണം ചെയ്ത ഒരു കൊലപാതകമാണ് ഇവിടെ നടന്നിട്ടുള്ളത്. കൊല നടത്തിയവർ തന്നെയാണ് പോലീസിനെ കുറ്റംപറയുന്നത്. തങ്ങളാണ് കൊലപാതകം നടത്തിയതെന്ന് അറിയുന്ന സമൂഹത്തോടാണ് എസ്ഡിപിഐയും ആർഎസ്എസും ഇങ്ങനെ പോലീസിനെ കുറ്റംപറയുന്നത്.