പോത്തൻകോട്ട് വീണ്ടും ഗുണ്ടാ ആക്രമണം: അച്ഛനെയും മകളെയും ആക്രമിച്ചു

തിരുവനന്തപുരം: പോത്തൻകോട്ട് വീണ്ടും ഗുണ്ടാ ആക്രമണം. വെഞ്ഞാറമ്മൂട് സ്വദേശികളായ അച്ഛനും മകൾക്കും നേരെയാണ് നടുറോഡിൽ അതിക്രമമുണ്ടായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

അച്ഛനും മകളും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി നാലംഗ ഗുണ്ടാസംഘം ആക്രമിച്ചെന്നാണ് പരാതി. കാറിൽ പ്രധാനറോഡിലൂടെ വരികയായിരുന്നു അച്ഛനും മകളും. ഇതിനിടെ വാഹനം തിരിക്കാൻശ്രമിക്കുകയായിരുന്ന ഗുണ്ടാസംഘം ഇവരോട് കാർ പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രധാനറോഡിൽ നിരവധി വാഹനങ്ങളുണ്ടായതിനാൽ കാർ പിന്നോട്ടെടുക്കാൻ കഴിഞ്ഞില്ല. ഇതോടെ പ്രകോപിതരായ ഗുണ്ടാസംഘം വാഹനത്തിൽനിന്നിറങ്ങി അച്ഛനെയും മകളെയും ആക്രമിക്കുകയായിരുന്നു.

അസഭ്യം പറഞ്ഞാണ് ഗുണ്ടാസംഘം ആക്രമിച്ചത്. അച്ഛനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മകൾക്ക് നേരെയും അതിക്രമമുണ്ടായി. മകളെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. പള്ളിപ്പുറം സ്വർണക്കവർച്ച കേസിലെ പ്രതി ഫൈസൽ അടക്കമുള്ളവരാണ് ഗുണ്ടാസംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

സംഭവത്തിൽ വെഞ്ഞാറമ്മൂട് സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.

കല്ലൂരിൽ സുധീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുംമുമ്പേയാണ് പോത്തൻകോട്ട് വീണ്ടും ഗുണ്ടാആക്രമണം നടന്നിരിക്കുന്നത്. ഡിസംബർ 11-ാം തീയതിയാണ് സുധീഷിനെ 11 അംഗ ഗുണ്ടാസംഘം വെട്ടിക്കൊന്നത്. അക്രമിസംഘത്തിൽനിന്ന് രക്ഷപ്പെടാനായി ഒരു വീട്ടിൽ ഓടിക്കയറിയ സുധീഷിനെ പിന്തുടർന്നെത്തിയ അക്രമിസംഘം മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഇരുകാലുകളും വെട്ടിമാറ്റി. ഇതിലൊരു കാലുമായി ഗുണ്ടാസംഘം വാഹനങ്ങളിൽ മടങ്ങുകയും വെട്ടിമാറ്റിയ കാൽ നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിച്ചശേഷം റോഡിൽ വലിച്ചെറിയുകയും ചെയ്തിരുന്നു.

സുധീഷ് വധക്കേസിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെല്ലാം പിടിയിലായത്. മുഖ്യപ്രതികളിലൊരാളയ ഒട്ടകം രാജേഷിനെ സംഭവം നടന്ന് പത്താംദിവസമാണ് പോലീസിന് പിടികൂടാനായത്. ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പോലീസ് സംഘത്തിന്റെ വള്ളംമറിഞ്ഞ് ഒരു പോലീസുകാരന് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

പോത്തൻകോട് കൊലപാതകത്തിന് പിന്നാലെയാണ് ഗുണ്ടാസംഘങ്ങളെ അമർച്ചചെയ്യാൻ പോലീസ് ‘കാവൽ’ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനവ്യാപകമായി കർശന പരിശോധനയുണ്ടാകുമെന്നും ക്രിമിനലുകളെ പിടികൂടുമെന്നുമായിരുന്നു പോലീസിന്റെ പ്രഖ്യാപനം. എന്നാൽ കാവൽ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആലപ്പുഴയിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയത്. ഇതിനുപിന്നാലെയാണ് പോത്തൻകോട്ട് വീണ്ടും ഗുണ്ടാആക്രമണവും ഉണ്ടായിരിക്കുന്നത്.