കോൺഗ്രസ് രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകും: പാർട്ടിയെ വെട്ടിലാക്കി മനീഷ് തിവാരി

ന്യൂഡെൽഹി: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് മനീഷ് തിവാരി. ഉത്തരാഖണ്ഡിൽ പാർട്ടിയെ വെട്ടിലാക്കി കോൺഗ്രസ് മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും പാർട്ടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പാർട്ടി ഏറ്റവുമധികം പ്രതിസന്ധി നേരിട്ട അസം, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മനീഷ് തിവാരിയുടെ ട്വീറ്റ്.

ആദ്യം അസം, പിന്നെ പഞ്ചാബ് ഇപ്പോൾ ഉത്തരാഖണ്ഡും. ഒരു തെളിവു പോലുമില്ലാത്ത രീതിയിൽ പാർട്ടി രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

താൻ പിന്തുടരുന്നവർ തന്റെ കൈയ്യും കാലും കെട്ടിയിട്ടിരിക്കുന്നു എന്നാരോപിച്ചു കൊണ്ടായിരുന്നു കോൺഗ്രസ് നേതൃത്വത്തിനെതിരെ ഹരീഷ് റാവത്ത് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഉത്തരാഖണ്ഡിലെ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ പാർട്ടിയെ വെട്ടിലാക്കി മനീഷ് തിവാരി കൂടി രംഗത്തെത്തിയത് കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

നിലവിലെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ 2016-ലാണ് ബിജെപിയിൽ ചേരുന്നത്. സമാന രീതിയിലായിരുന്നു പഞ്ചാബിലും സംഭവിച്ചത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ആയിരുന്ന അമരീന്ദർ സിങ് പാർട്ടിയോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപവത്കരിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ ഉത്തരാഖണ്ഡിലും കോൺഗ്രസ് പ്രതിസന്ധി നേരിടുകയാണ്. കോൺഗ്രസ് നേതാവ് മനീഷ് തിവാരി പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്.