ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മലയാളി യുവാക്കൾ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടിൽ കെയു ജോസിന്റെയും ആനിയുടെയും മകൻ ജിതിൻ ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെയും മിനിയുടെയും മകൻ സോനു സോണി (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.30-ഓടെ ഇലക്ട്രോണിക്സിറ്റി മേൽപ്പാലത്തിന് സമീപത്തെ സർവീസ് റോഡിലായിരുന്നു അപകടം.

ഇരുവരും ഇലക്ട്രോണിക്സിറ്റിയിൽനിന്ന് ഹൊസ്കൂരിലെ താമസസ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോൾ എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു സംഭവസ്ഥലത്തും ജിതിൻ ഹെബ്ബഗുഡിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. എതിരേവന്ന ബൈക്കിലുണ്ടായിരുന്ന ശരത്, സന്തോഷ് എന്നിവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരുവിൽ സി.സി.ടി.വി. ബിസിനസ് നടത്തിവരികയായിരുന്നു ജിതിൻ. സഹോദരി: ജീതു ജോസ്. മൃതദേഹം സെയ്ന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പുതിയിടം ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.

ബെംഗളൂരൂ നഗരത്തിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ് സോനു. സഹോദരിമാർ: മിനു സോണി, സിനു സോണി. സംസ്ക്കാരം പിന്നീട്.