ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. രക്തക്കറ പുരണ്ട ഒരു ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച രാത്രിയാണ് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് വിവരം. പോലീസ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അനേകം പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണോ എന്നതും വ്യക്തമല്ല.
മണ്ണഞ്ചേരിയിൽ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആലപ്പുഴയിൽ രഞ്ജിത്ത് കൊലപ്പെടുന്നത്. ഷാന്റെ കൊലപാതകത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
മണ്ണഞ്ചേരി പൊന്നാട് കാവച്ചിറവീട്ടിൽ പ്രസാദ് എന്നു വിളിക്കുന്ന രാജേന്ദ്രപ്രസാദ് (39), കാട്ടൂർ കുളമാക്കിവെളിയിൽ കുട്ടൻ എന്നുവിളിക്കുന്ന രതീഷ് (31) എന്നിവരെയാണ് ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇരുവരും ആർ.എസ്.എസ്. പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. കൊലപാതകത്തിന്റെ ആസൂത്രണത്തിൽ മുഖ്യപങ്ക്വഹിച്ചവരിൽ ഒരാളാണ് പ്രസാദ്. കൃത്യനിർവഹണത്തിനായി അടുത്തുള്ള വാഹനം രതീഷിനെക്കൊണ്ട് വാടകയ്ക്കെടുപ്പിച്ചത് പ്രസാദാണെന്ന് പോലീസ് പറഞ്ഞു.
ഈ വാഹനം കണിച്ചുകുളങ്ങരയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ശബരിമലയ്ക്കു പോകാനെന്നു പറഞ്ഞാണ് വാടകയ്ക്കെടുത്തത്. രണ്ടുമാസമായി പ്രസാദും രതീഷും കൊലപാതകം ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കുപണം എത്തിച്ചുകൊടുത്തതും ഇവരാണ്.