പാലക്കാട്ടെ സഞ്ജിത്ത് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സഞ്ജിത്തിൻ്റെ ഭാര്യ ഹ‍ർഷിക ഹൈക്കോടതിയിൽ ഹ‍ർജി നൽകുന്നത്. നവംബർ പതിനഞ്ചിനാണ് പാലക്കാട് ഒറ്റപ്പാലത്ത് വച്ച് ആ‍ർഎസ്എസ് നേതാവായ സഞ്ജിത്ത് കൊല്ലപ്പെടുന്നത്.

കൊലപാതകം നടന്ന് 37 ദിവസം കഴിഞ്ഞിട്ടും ഇതുവരെ മൂന്ന് പ്രതികളെ മാത്രമാണ് കേസിൽ പൊലീസിന് പിടികൂടാനായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ​ഗൂഢാലോചനയിൽ പങ്കുള്ളവരുമായ അഞ്ച് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കേസ് അന്വേഷണത്തിൽ പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തിൻ്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെന്ന് സഞ്ജിത്തിന്‍റെ അമ്മ സുനിത നേരത്തെ പ്രതികരിച്ചു.

കഴിഞ്ഞമാസം പതിന‌ഞ്ചിന് പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്.

ഗൂഡാലോചനയില്‍ പങ്കെടുത്തവരടക്കം എട്ടു പ്രതികളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുമ്പോഴും അഞ്ചുപേരിപ്പോഴും ഒളിവില്‍ തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തിന്‍റെ കുടുംബം പറയുന്നത്. പ്രതികളുടെ പേരും വിവരങ്ങളും ഇതിനോടകം കണ്ടെത്താനായിട്ടുണ്ട്. ഇവരുടെ വീടുകളിലും ഇവരെത്താനിടയുള്ള സ്ഥലങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരുമ്പോഴും കൊലയാളി സംഘം ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്.