നാടിനെ വിറപ്പിച്ച കടുവ ഉൾക്കാട്ടിലേക്ക് വലിഞ്ഞതായി സംശയം

മാനന്തവാടി: നാടിനെ വിറപ്പിച്ച കടുവ ഉൾക്കാട്ടിലേക്ക് വലിഞ്ഞതായി സംശയം. വനാതിർത്തിയിൽ നിന്ന് കടുവയുടെ കാൽപ്പാടുകൾ പിന്തുടർന്ന് വനമേഖലയിലേക്കെത്തിയ അന്വേഷണ സംഘത്തിന് കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം കടുവയെ വനത്തിൽ കണ്ടിരുന്നു. കടുവയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് മയക്ക് വെടിവയ്ക്കുന്നത് ഇന്നലത്തേക്ക് മാറ്റിവെച്ചതായിരുന്നു. ബേഗൂർ റെയ്ഞ്ചിലെ കാവേരി പൊയിൻ ഭാഗത്തേക്കാണ് കടുവ നീങ്ങിയത്.

ഞായറാഴ്ച വനത്തിൽ ആടിനെ കെട്ടിയിട്ട് ഏറുമാടത്തിലൂടെ നിരീക്ഷണം നടത്തിയിരുന്നു. കൂടുതൽ കാമറകളും വനത്തിൽ സ്ഥാപിച്ചിരുന്നു. രാത്രിയിൽ കാമറയിൽ പതിയുമോയെന്ന് നിരീക്ഷിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം പറഞ്ഞു. ബേഗൂർ റെയ്ഞ്ചിലെ ഓലിയോട് വനമേഖലയിലാണ് കടുവയുള്ളതെന്നാണ് നിഗമനം.

ഇന്നലെ പുലർച്ചെ ആറോടെ കാവേരിപ്പൊയിൽ കോണവയൽ കോളനി പരിസരത്ത് കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. തോൽപ്പെട്ടി വൈൽഡ് ലൈഫിലേക്ക് കയറിയ കടുവ ഓലിയോട് വനത്തിലേക്ക് തിരിച്ചെത്തിയതായും കാൽപ്പാടുകൾ നോക്കി മനസിലാക്കിയിട്ടുണ്ട്. അതെസമയം ഇന്നലെ പുലർച്ചെ മുതൽ ഓലിയോട് വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

വനത്തിൽ വിവിധ മേഖലകളിൽ സ്ഥാപിച്ച കാമറകൾ കാവേരി പൊയിൽ ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി വനഗ്രാമത്തിലിറങ്ങി കടുവ വളർത്തുമൃഗങ്ങളെ വേട്ടയാടിയിട്ടില്ല. ഇരുപത്തിയെട്ടാം തീയതി മുതൽ പതിനെട്ടോളം വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നുതിന്നത്. കഴിഞ്ഞ ദിവസം രാത്രി വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഇന്നലെ കാലത്ത് മുതൽ കടുവ ഇവരുടെ കാഴ്ചയിൽ നിന്ന് മറഞ്ഞു.