സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളിൽ 39 ഇനങ്ങൾക്ക് വില കൂടി ; ഒരുവർഷം കൊണ്ട് കേരളത്തിലുണ്ടായത് അതിരൂക്ഷ വിലക്കയറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളിൽ 39 ഇനങ്ങൾക്ക് വിലകയറി. ഒരുവർഷംകൊണ്ട് കേരളത്തിലുണ്ടായത് അതിരൂക്ഷ വിലക്കയറ്റം. പച്ചക്കറികളുടെ വില ഒന്നരയിരട്ടിവരെ ഉയർന്നതായി സംസ്ഥാന സാമ്പത്തിക സ്ഥിതിവിര വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. വിലക്കയറ്റം പിടിച്ചുനിർത്താൻ വൻതോതിൽ വിപണി ഇടപെടൽ വേണ്ടിവരുമെന്ന സൂചനയാണ് ഈ പ്രവണത നൽകുന്നത്.

വെള്ളരിക്ക് 2020 ഡിസംബർ 16-ന് സംസ്ഥാനത്തെ ശരാശരിവില കിലോഗ്രാമിന് 23.07 രൂപയായിരുന്നു. 2021 ഡിസംബറിൽ 59.21 രൂപയായി. വില കൂടിയത് 156.65 ശതമാനം. കഴിഞ്ഞ മാസവുമായി താരതമ്യംചെയ്താൽ 68.50 ശതമാനം കൂടുതലാണിത്. ബീറ്റ്റൂട്ടിന് കൂടിയത് 80 ശതമാനം.

വെണ്ടയ്ക്ക 35.43 രൂപയിൽനിന്ന് 79.50 ആയി. 124.39 ശതമാനം വർധന. തക്കാളിക്ക് 124.50 ശതമാനവുംകൂടി. വഴുതനയ്ക്ക് കൂടിയത് 94.4 ശതമാനം. കാബേജിന്റെ വില കഴിഞ്ഞ മാസത്തെക്കാൾ ഇരട്ടിയായി. പച്ചമുളകിന് 64 ശതമാനം കൂടി. എന്നാൽ ഉള്ളിവില ഏഴുശതമാനവും ഉരുളക്കിഴങ്ങിന്റേത് 23 ശതമാനവും കുറഞ്ഞു.

വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം മട്ട അരിക്ക് 8.68 ശതമാനവും ആന്ധ്രാപ്രദേശിൽനിന്നുള്ള വെള്ള അരിക്ക് 2.48 ശതമാനവും വിലകൂടി. പഞ്ചസാരയുടെ വിലക്കയറ്റം 4.12 ശതമാനം. പാലിന് 2.6 ശതമാനം. മുട്ടയ്ക്ക് 4.24 ശതമാനം.

സാമ്പത്തിക സ്ഥിതിവിവര വകുപ്പ് ദിവസവും അമ്പത് നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാറുണ്ട്. 11 സാധനങ്ങൾക്ക് വില നേരിയതോതിൽ കുറഞ്ഞു. 17 സാധനങ്ങൾക്ക് കഴിഞ്ഞമാസത്തെക്കാൾ വിലകൂടിയിട്ടുണ്ട്.

അതേസമയം, പായ്ക്കറ്റിലല്ലാത്ത വെളിച്ചെണ്ണയുടെ വില കുത്തനെ കുറഞ്ഞതായാണ് റിപ്പോർട്ട്. 222.29 രൂപയായിരുന്നത് 194.50 രൂപയായി. 12.50 ശതമാനം കുറവ്. എന്നാൽ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കാര്യമായി കുറഞ്ഞിട്ടില്ല. തേങ്ങയുടെ വില പത്തെണ്ണത്തിന് 238.18 രൂപയുണ്ടായിരുന്നത് 197.55 രൂപയായി കുറഞ്ഞു. കപ്പയുടെ വില ഏതാണ്ട് അഞ്ചുശതമാനം കുറഞ്ഞിട്ടുണ്ട്. അതായത് സംസ്ഥാനത്തെ ഉത്പന്നങ്ങൾക്ക് വില കുറയുകയും പുറത്തുനിന്നുള്ളവയ്ക്ക് വില കൂടുകയും ചെയ്തു. ഇന്ധനവില വർധനയും അയൽസംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭവും പ്രളയവുമെല്ലാം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.

വിലക്കയറ്റം ശതമാനത്തിൽ

വഴുതനങ്ങ 94.04

വെള്ളരി 156.65

വെണ്ട 124.39

അമര 90.83

ബീൻസ് 64.77

വള്ളിപ്പയർ 81.36

കാബേജ് 92.84

പാവയ്ക്ക 59.15

തക്കാളി 124.50

ബീറ്റ് റൂട്ട് 80.01

കാരറ്റ് 34.15

കടുക് 24.33

മല്ലി 16.37

പഞ്ചസാര 4.12

പാൽ 2.60