വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടി ഒളിവിൽ കഴിയവേ മുൻ ഡിജിപിക്കൊപ്പം ചിത്രമെടുത്ത വിരുതൻ പിടിയിൽ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടി ഒളിവിൽ കഴിയവേ മുൻ ഡിജിപിക്കൊപ്പം ചിത്രമെടുത്ത വിരുതൻ പിടിയിൽ. ചങ്ങനാശ്ശേരി സ്വദേശിയും നിലവിൽ ബ്രിട്ടീഷ് പൗരത്വവുമുള്ള ലെക്സൺ ഫ്രാൻസിസ് കല്ലുമാടിക്കലാണ് എറണാകുളം നോർത്ത് പോലീസിൻ്റെ പിടിയിലായത്. കോട്ടയത്ത് വനിത സുഹൃത്തിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു.

ഒളിവിൽ പോയതിന് ശേഷം മുൻ പോലീസ് മേധാവി ലോക് നാഥ് ബഹ്റക്കൊപ്പം ഇയാൾ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോക് നാഥ് ബഹ്റ വിരമിക്കുന്ന ദിവസം പോലീസ് മേധാവിക്കൊപ്പം ലക്സൺ നിൽക്കുന്ന ഫോട്ടോയും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കഴിഞ്ഞ മേയ് നാലിന് എറണാകുളം നോർത്ത് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വടുതലയിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശിയായ 42-കാരിയാണ് ലക്സണെതിരെ പരാതി നൽകിയത്. മാട്രിമോണി വെബ്സൈറ്റ് വഴി പരിചയപ്പെട്ട ലക്സ്സൺ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 12 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ട്.

പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു കളിക്കുകയാണെന്നും മുൻകൂർ ജാമ്യത്തിന് സഹായം ചെയ്യുകയാണെന്നും പരാതിക്കാരി ആക്ഷേപം ഉയർന്നിരുന്നു.

2018 ഒക്ടോബറിൽ ഓൺലൈൻ മാട്രിമോണി വഴിയാണ് ബ്രിട്ടനിൽ താമസിക്കുന്ന ലെക്സണെ പരാതിക്കാരി പരിചയപ്പെടുന്നത്. ഡിവോഴ്സിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും വൈകാതെ ലഭിക്കുമെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ഇയാൾ നാട്ടിലെത്തി വിവാഹ നിശ്ചയം നടത്തി. പിന്നീട് ഇടപ്പള്ളിയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ച് നഗ്ന വീഡിയോയും ചിത്രങ്ങളും എടുക്കുകയും ചെയ്തുവെന്നുമാണ് പരാതി.

പീഡനദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പലപ്പോഴായി ലക്ഷങ്ങൾ വാങ്ങിയെടുക്കുകയും ചെയ്തു. 2020 ജൂണിൽ ഇയാൾ ഡിവോഴ്സായി എന്നറിഞ്ഞതോടെ തന്നെ വിവാഹം കഴിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയെങ്കിലും, വിവാഹം കഴിച്ചുകൊള്ളാം എന്ന ഉറപ്പിൽ പ്രശ്നം ഒത്തുതീർപ്പാക്കി.

പരാതിക്കാരിയെ വിവാഹം കഴിക്കാൻ തയ്യാറാകാതെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് എറണാകുളം നോർത്ത് പോലീസിൽ വീണ്ടും പരാതി നൽകിയത്.