തിരുവനന്തപുരം: സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനം അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവർണറുമായി ഉണ്ടായ തർക്കം പരിഹരിക്കാൻ സർക്കാർ നീക്കം. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉത്തരേന്ത്യയിലുള്ള ഗവര്‍ണര്‍ നാളെ വൈകിട്ട് തലസ്ഥാനത്ത് തിരിച്ചെത്തുന്നതോടെ വിവാദങ്ങൾ അവസാനിപ്പിച്ച് മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമം. ഗവര്‍ണറുമായി പരസ്യപ്പോര് വേണ്ട എന്ന തീരുമാനത്തിലാണ് സിപിഎം.
പ്രശ്ന പരിഹാരത്തിന് ചില മധ്യസ്ഥരെ രംഗത്തിറക്കി ഗവർണറുമായി പ്രാഥമീക ചർച്ചകൾ നടത്തും. ചർച്ചകളിലെ പുരോഗതി അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ നേരിട്ട് കാണാനും സാധ്യതയുണ്ട്. പിബി യോഗത്തിന് ഡെല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പ് പിണറായി രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുമെന്നാണ് അറിയുന്നത്.
സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും അതുകൊണ്ട് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും കാട്ടി ഗവര്‍ണര്‍ കത്തയച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് സി.പി.എമ്മിന്‍റെ വിലയിരുത്തല്‍.
അതേസമയം ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്‍റെ രാജിയാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. കണ്ണൂര്‍ വി.സി നിയമനത്തിന് കത്ത് നല്‍കിയ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഉടനെ ലോകായുക്തയെ സമീപിക്കും. വിസി നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയെങ്കിലും ലോകായുക്തയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നോ നാളെയോ ലോകായുക്തയില്‍ ഹരജി നല്‍കും. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും മന്ത്രി ആര്‍.ബിന്ദു നടത്തിയതിനാൽ മന്ത്രിസ്ഥാനത്ത് ഇനി തുടരാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ അഭിപ്രായം.