കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത യോഗത്തിൽ സിപിഎം മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറി ഇറങ്ങിപ്പോയി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത യോഗത്തിൽ നിന്ന് മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറി ഇറങ്ങിപ്പോയി. എറണാകുളം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് സിപിഎം കവളങ്ങാട് മുൻ ഏരിയ സെക്രട്ടറി പിഎൻ ബാലകൃഷ്ണനാണ് ഇറങ്ങിപ്പോയത്. അതേസമയം യോഗം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനനെ വീണ്ടും തിരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 പേർ അടങ്ങുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

സിപിഎമ്മിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയ പ്രവർത്തനം പണത്തിന് വേണ്ടിയായി മാറിയിരിക്കുന്നുവെന്നും പി എൻ ബാലകൃഷ്ണൻ വിമർശിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇരുന്ന വേദിയിലാണ് പിഎൻ ബാലകൃഷ്ണൻ ത​ന്റെ തീരുമാനം അറിയിച്ചത്. തുടർന്ന് വേദിയിൽ നിന്ന് ഇറങ്ങിപോവുകയും ചെയ്തു.

പാർട്ടി അനുഭാവിയായി തുടരുമെന്നും അറിയിച്ചിട്ടുണ്ട്. തന്നെ അംഗത്വത്തിൽ നിന്ന് നീക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടു. പുതിയ ജില്ല കമ്മിറ്റിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് പാർട്ടി കാരണം പറഞ്ഞില്ല. ജില്ലാ സെക്രട്ടറിക്ക് കാരണമൊന്നും പറയാനില്ല.

മറ്റൊരു പാർട്ടിയിലേക്ക് പോകില്ല ജനങ്ങളെ സേവിക്കാൻ രാഷ്ട്രിയ പാർട്ടി തന്നെ വേണമെന്നില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ ഉള്ളതിനാലാണ് ഗോപി കോട്ടമുറിക്കലിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്‌. പ്രയാധിക്യം ചൂണ്ടിക്കാട്ടി കെഎം സുധാകരനെയും ഒഴിവാക്കി.