പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം നേരത്തെ അറിയിച്ചില്ല; ഏകദിനനായക സ്ഥാനത്തുനിന്നും മാറ്റിയതിൽ അതൃപ്തി പ്രകടിപ്പിച്ച് വിരാട് കോഹ്ലി

മുംബൈ: ക്യാപ്റ്റൻ എന്ന നിലയിൽ ബാറ്റ് ചെയ്യുമ്പോൾ ഒരുപാട് അഭിമാനിച്ചിരുന്നെന്നും നായക സ്ഥാനത്ത് നിന്ന് മാറ്റുന്നത് നേരത്തെ അറിയിച്ചില്ലെന്നും ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏകദിനനായക സ്ഥാനത്തുനിന്നും തന്നെ മാറ്റിയതിലെ അതൃപ്തി പരസ്യമാക്കിയായിരുന്നു കോഹ്ലിയുടെ പ്രതികരണം. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സിലായിരുന്നു കോഹ്ലിയുടെ പ്രതികരണം. ഏകദിന പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം തന്നെ നേരത്തെ അറിയിച്ചില്ലെന്നും കോഹ് ലി വ്യക്തമാക്കുന്നു. മീറ്റിങ് തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പാണ് അവര്‍ ഞാനുമായി ബന്ധപ്പെട്ടത്. അവിടെ ഒരുതരത്തിലുള്ള ആശയവിനിമയവും ഉണ്ടായില്ല. ചീഫ് സെലക്ടര്‍ ടെസ്റ്റ് ടീമിനെ കുറിച്ച് സംസാരിച്ചു. എന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതായി കോള്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് പറഞ്ഞു, ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലെ അതൃപ്തി പരസ്യമാക്കി കൊണ്ട് കോഹ്ലി പറഞ്ഞു.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്ന് ഇടവേള ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വ്യക്തമാക്കി. നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കരുത്. ഇത്തരം നുണകള്‍ എഴുതുന്നവരോടാണ് നിങ്ങള്‍ ഇതൊക്കെ ചോദിക്കേണ്ടത്. ഏകദിന പരമ്പര കളിക്കാന്‍ എനിക്ക് താത്പര്യമുണ്ട്, കോഹ്ലി വ്യക്തമാക്കുന്നു.

ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ബാറ്റിങ്ങില്‍ പോസിറ്റീവ് ഫലം നല്‍കുമോ എന്ന് അറിയില്ല. ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും പ്രവചിക്കാനാവില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഒരുപാട് അഭിമാനിച്ചിരുന്നു. എന്നാല്‍ ആ മോട്ടിവേഷന്‍ ലെവല്‍ താഴേക്ക് പോവില്ല എന്നാണ് വിശ്വസിക്കുന്നത്, കോഹ്ലി പറഞ്ഞു.