കടുത്ത പ്രതിസന്ധി; കെ എസ് ആർ ടി സി യിൽ ശമ്പളം എന്നു നൽകാനാകുമെന്നറിയാതെ കൈമലർത്തി അധികൃതർ

തിരുവനന്തപുരം: ഡിസംബർ മാസം പകുതിയായിട്ടും നവംബറിലെ ശമ്പളം ജീവനക്കാർക്ക് എങ്ങനെ നൽകുമെന്നറിയാതെ കെ എസ് ആർ ടി സി. കോർപ്പറേഷന്റെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്ന 31 കോടി രൂപയിൽ 30 കോടിയും ബാങ്ക് കൺസോർഷ്യം പിടിച്ചതോടെ ഇനി അവശേഷിക്കുന്നത് വെറും ഒരു കോടി രൂപ മാത്രം. 68 കോടി രൂപയാണ് ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാനായി വേണ്ടത്.

സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട 37 കോടി രൂപ ലഭിച്ചാലും ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമാണ് കെ എസ് ആർ ടി സിയിൽ. ഇതോടെ കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും വൈകും എന്നാണ് സൂചനകൾ. 26,000ത്തോളം ജീവനക്കാരാണ് നിലവിൽ കോർപ്പറേഷനിലുള്ളത്. ഇത്രയും കുടുംബങ്ങൾ തങ്ങളുടെ നിത്യവൃത്തിക്ക് വകയില്ലാത്ത സാഹചര്യത്തിലാണ്.

അതേസമയം, വലിയ പ്രതിസന്ധിയിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്ന് കെ എസ് ആർ ടി സി ജീവനക്കാർ പറയുന്നു. പലരുടെയും ബാങ്ക് തിരിച്ചടവുകൾ മുടങ്ങി. നിത്യവൃത്തിക്ക് പോലും കയ്യിൽ പണില്ലാത്ത അവസ്ഥ. വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയാതെ കെ എസ് ഇ ബി ജീവനക്കാർ എത്തി വീടിന്റെ ഫ്യൂസ് ഊരിക്കൊണ്ട് പോകുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. കുട്ടികളുടെ ഫീസ് അടക്കാനും നിവൃത്തിയില്ല. പലരും ആത്മഹത്യയുടെ വക്കിലാണെന്നാണ് ജീവനക്കാർ പറയുന്നത്. ആദ്യ ആത്മഹത്യ എവിടെയാകും എന്ന സംശയം മാത്രമേയുള്ളൂ എന്നാണ് ജീവനക്കാർ പറയുന്നത്.

കഴിഞ്ഞ മാസം സമരം ചെയ്ത രണ്ടു ദിവസത്തെ ഒഴിവാക്കി 68 കോടി രൂപയാണ് ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് വേണ്ടത്. ഈ തുക നൽകണമെന്ന് സിഎംഡി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോർപ്പറേഷന്റെ കയ്യിൽ എത്ര ഉണ്ട് എന്ന് ധനകാര്യ വകുപ്പ് ചോദിച്ചപ്പോൾ 31 കോടി കയ്യിലുണ്ട് ബാക്കി അനുവദിക്കാൻ സിഎംഡി ആവശ്യപ്പെട്ടു. അതനുസരിച്ച് 37 കോടി സർക്കാർ അനുവദിച്ചു. എന്നാൽ പണം ഇതുവരെയും ബാങ്കിലെത്തിയില്ല.

കോർപ്പറേഷൻ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 30 കോടി രൂപ ബാങ്ക് കൺസോർഷ്യം പിടിച്ച കാര്യവും അധികൃതർ അറിയുന്നത്. തങ്ങളുടെ കൈവശം ഒരു കോടി രൂപ മാത്രമേ ബാക്കിയുള്ളൂ എന്ന് പറഞ്ഞ് വീണ്ടും സർക്കാറിനെ സമീപിച്ചെങ്കിലും ധനകാര്യ വകുപ്പ് കൈമലർത്തി. തുടർന്ന് ശമ്പളം നൽകാൻ പണം കടമെടുക്കാനായി ബാങ്ക് ഓഫ് ബറോഡയെ സമീപിച്ചു. പക്ഷേ അവരും വായ്പ നൽകാൻ തയ്യാറായിട്ടില്ല എന്നാണ് വിവരം.

കെ എസ് ആർ ടി സി യുടെ ധനകാര്യ പുനസംഘടനയുടെ ഭാ​ഗമായാണ് 2018ൽ ബാങ്ക് കൺസോർഷ്യമുണ്ടാക്കി വായ്പ എടുത്തത്. കെ എസ് ആർ ടി സി യുടെ കടബാധ്യത അന്ന് 3100 കോടി രൂപയായിരുന്നു. ശാരശരി10 വര്‍ഷമായിരുന്നു തിരിച്ചടവ് കാലയളവ് .12% പലിശനിരക്കിലുള്ള വായ്പയിൽ പ്രതിദിന തിരിച്ചടവ് ബാധ്യത മൂന്ന് കോടി രൂപയായിരുന്നു. ഇത്തരത്തിൽ ഓരോ മാസവും ഏതാണ്ട് 90 കോടി രൂപ തിരിച്ചടവിനായി മാത്രം വേണ്ടിവരുന്ന സാഹചര്യം ഇല്ലാതാക്കാനാണ് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്ക് ബാങ്ക് കൺസോർഷ്യം എന്ന ആശയവുമായി മുന്നോട്ട് വന്നത്.

3,500 കോടി രൂപയാണ് ബാങ്ക് കൺസോർഷ്യം കെ എസ് ആർ ടി സിക്ക് വായ്പയായി നൽകിയിട്ടുള്ളത്. എസ് ബി ഐ, വിജയ ബാങ്ക് , കാനറ ബാങ്ക് , കെ ടി ഡി എഫ് സി എന്നിവരാണ് കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങള്‍. 2020-21 ല്‍ കെ എസ് ആര്‍ ടി സി യെ ലാഭവും നഷ്ടവും ഇല്ലാത്ത നിലയിലേക്ക് ഉയർത്താന്‍ കഴിയും എന്നായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം. എന്നാൽ ഇപ്പോൾ ലാഭവും നഷ്ടവും മാത്രമല്ല, ശമ്പളവും ഇല്ലാത്ത നിലയിലേക്ക് കെ എസ് ആർ ടി സിയെ കൊണ്ടെത്തിച്ചിരിക്കുകയാണ്.

ലോകത്ത് മറ്റൊരിടത്തുമില്ലാത്ത ദുരവസ്ഥയാണ് സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർക്കുള്ളത്. ഡിസംബർ മാസം 15 ആയിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടാതെ നട്ടംതിരിയുകയാണ് ഈ നിർഭാ​ഗ്യ ജന്മങ്ങൾ. തങ്ങൾക്ക് കഴിവില്ലാഞ്ഞിട്ടോ വിദ്യാഭ്യാസം ഇല്ലാത്തതിനാലോ അവസരം ലഭിക്കാത്തതോ അല്ല കെ എസ് ആർ ടി സി ജീവനക്കാരുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെയും അർപ്പണ ബോധമുള്ള ഒരു മാനേജ്മെന്റിന്റെയും അഭാവമാണ് കേരളത്തിലെ പൊതു​ഗതാ​ഗത സംവിധാനത്തിന്റെ ഭാ​ഗമായി നൽക്കുന്ന തൊഴിലാളികളുടെ കണ്ണുനീരിനും കഷ്ടപ്പാടിനും കാരണം.

കെഎസ്ആർടിസി കണ്ടക്ടർമാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോ​ഗ്യത പ്ലസ്ടുവാണ്. എന്നാൽ, ബിരുധധാരികളും ബിരുദാനന്തര ബിരുദധാരികളും എംഎഫില്ലുകാരും പിഎച്ച്ഡി എടുത്തവരും എംബിഎ പാസായവരും എംസിഎക്കാരും ഉൾപ്പെടെ നിരവധി പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ക്ലറിക്കൽ തസ്തികയിലും സമാനാമായ സാഹചര്യമാണ്. കമ്പനി ബോർഡ് കോർപ്പറേഷൻ എൽഡി ക്ലർക്ക് തസ്തികകളിലേക്ക് പിഎസ് സി നടത്തുന്ന പരീക്ഷയിൽ ആദ്യ റാങ്കുകൾ കിട്ടുന്നവരെയാണ് കെഎസ്ആർടിസിയിലേക്ക് നിയമിക്കുന്നത്. ഡ്രൈവറായി നിയമിക്കപ്പെടാൻ എട്ടാം ക്ലാസും ഹെവിലൈസൻസും ആറു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. എന്നാൽ ഇതിലും വരുന്നത് മികച്ച വിദ്യാഭ്യാസം നേടിയവരാണ്.

അടുത്ത കാലത്ത് കെ എസ് ആർ ടി സി ചീഫ് ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പരിഷ്കരണത്തിന്റെ ഭാ​ഗമായി പഴയ ആൾക്കാരെ മാറ്റി പുതിയ ജീവനക്കാരെ എടുത്തപ്പോൾ വന്നതും എംബിഎക്കാരും എംസിഎക്കാരും ഉൾപ്പെടെയുള്ളവരായിരുന്നു. ഇത്രയും യോ​ഗ്യതയുള്ളവരാണ് കഴിഞ്ഞ ഒരുമാസം ജോലി ചെയ്ത ശമ്പളത്തിനായി ഈ മാസം 14 ദിവസമായിട്ടും കാത്തിരിക്കേണ്ട ​ഗതികേടിലുള്ളത്.

നിത്യജീവത്തിന് വക കണ്ടെത്തുക എന്നത് മാത്രമല്ല, കെ എസ് ആർ ടി സി ജീവനക്കാർ ശമ്പളം വൈകുന്നതിലൂടെ നേരിടുന്ന പ്രശ്നങ്ങൾ. വൈദ്യുതി ബിൽ ഉൾപ്പെടെ ബാങ്ക് ലോണും കെ എസ് എഫ് ഇ ചിട്ടിയും സഹിതം സകല തിരിച്ചടവുകളും വരുന്നത് മാസത്തിലെ ആദ്യ പത്ത് ദിവസത്തിനുള്ളിലാണ്. അഞ്ചാം തീയതി ലോൺ അടവ് മുടങ്ങിയാൽ എസ് ബി ഐ ഉൾപ്പെടെ ചെക്ക് ബൗൺസാകുന്നതിന് പ്രത്യേക ചാർജ്ജ് ഈടാക്കും ഇത്തരത്തിൽ ആയിരം രൂപയാണ് തവണ അടവ് മുടങ്ങുന്നത് വഴി കെഎസ്ആർടിസി ജീവനക്കാർക്ക് നഷ്ടമാകുന്നത്.

സിവിൽ സ്കോറിൽ ഏറ്റവും ഒടുവിലെത്തുന്നവരായി കെഎസ്ആർടിസി ജീവനക്കാർ മാറുകയാണ്. ലോൺ യഥാസമയം തിരിച്ചടക്കാൻ ശേഷിയില്ലാത്തവർ എന്നാണ് ഇപ്പോൾ ബാങ്കുകാരും കെഎസ്ആർടിസി ജീവനക്കാരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു ഭവന വായ്പ പോലും ലഭിക്കാത്ത സാഹചര്യമാണ് ജീവനക്കാർക്ക്.